കോഴിക്കോട്: രണ്ടു പതിറ്റാണ്ടോളം സൗദി ജയിലിൽ കഴിഞ്ഞശേഷം മോചിതനായ അബ്ദുൽ റഹീം കോഴിക്കോടെത്തി. രാവിലെ 7. 35 ഓടെയാണ് റഹീം കയറിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെ പുറത്തിറങ്ങി. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരിച്ചു.
വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശ്ലേഷിച്ചാണ് ബോബി ചെമ്മണ്ണൂർ റഹീമിനെ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരിഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
പുണ്യ ദിനത്തില്‍ നൂറുകണക്കിന് പേരാണ് റഹീമിൻ്റെ വരവിന് വേണ്ടി കോഴിക്കോട് ഫറോക്കിലെ കോടമ്പുഴപള്ളിത്താഴം സീനത്ത് മൻസിൽ അതിരാവിലെ തന്നെ എത്തിച്ചേര്‍ന്നത്. അബ്‌ദുല്‍ റഹീമിൻ്റെ ഉമ്മയോടൊപ്പം എല്ലാവരും അദ്ദേഹത്തിൻ്റെ വരവിനായി കാത്തിരുന്നു. ഒമ്പതരയോടെ
വീട്ടിൽ വന്നിറങ്ങിയ റഹീമിനെ ഹർഷാരവം മുഴക്കിയാണ് നാട്ടുകാർ സ്വീകരിച്ചത്. തുടർന്ന് റഹീം ജനിച്ചവളർന്ന തറവാട്ട് വീട്ടിലേക്ക് ബന്ധുക്കൾ സ്വീകരിച്ച് ആനയിച്ചു. ഉമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് കുശലം പറഞ്ഞ റഹീം പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചു.
സൗദി ബാലന്റെ കൊലപാതകക്കേസില്‍ 2006 നവംബറിലാണ് അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
ബലി പെരുന്നാളിന്റെ സമ്മാനമായി അബ്ദുൽ റഹീം ഉമ്മയ്ക്കരികിലെത്തി; ഹർഷാരവത്തോടെ സ്വീകരിച്ച് നാട്ടുകാർ
