'നാണംകെട്ട പരിപാടി, എംഎൽഎ ഫണ്ടിലെ ജോലികൾക്ക് എന്റെ പേര് വെക്കരുത്': പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ

'നാണംകെട്ട പരിപാടി, എംഎൽഎ ഫണ്ടിലെ ജോലികൾക്ക് എന്റെ പേര് വെക്കരുത്': പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ


പൂഞ്ഞാർ: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ തന്റെ പേരെഴുതിവെക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ എം.ജെ സെബാസ്റ്റ്യൻ. ആർ. ശങ്കർ മെമ്മോറിയൽ യുപി സ്‌കൂളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു എംഎൽഎ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എംഎൽഎയുടെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

എന്റെയും നിങ്ങളുടെയും പണമാണ് സർക്കാർ ഫണ്ടായി സർക്കാർ തരുന്നത്. അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎൽഎയുടെ പേരെഴുതി വയ്ക്കുന്നത് നാണംകെട്ട പണിയാണ്. തനിക്കതിനോട് യോജിക്കാനാവില്ല. ചെയ്യുന്ന കാര്യങ്ങൾ കല്ലിലും ഫ്ലക്സിലും എഴുതിവയ്ക്കേണ്ട കാര്യമില്ല. താൻ ജനപ്രതിനിധിയുടെ ജോലിയാണ് ചെയ്യുന്നത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇത്തരം ബോർഡുകൾ വയ്ക്കേണ്ടെന്ന് നിർദ്ദേശിച്ചിരുന്നു. ചാണ്ടി ഉമ്മനും ഇതേ പാതയിലാണെന്നും എം.ജെ സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.