കൊല്ലത്ത് സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍


കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കൊല്ലം ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് കായികതാര പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരിച്ചവര്‍ 17 വയസ്സുള്ള കോഴിക്കോട് സ്വദേശിനിയും 15 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനിയുമാണ്. രാവിലെ പരിശീലനത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മറ്റ് ഹോസ്റ്റല്‍ താമസക്കാര്‍ ഇവരെ അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

മുറിയില്‍ നിന്ന് പ്രതികരണം ലഭിക്കാതിരുന്നതോടെ ഹോസ്റ്റല്‍ അധികൃതര്‍ വാതില്‍ തുറന്നു. അകത്ത് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

15 വയസ്സുള്ള പെണ്‍കുട്ടി സാധാരണയായി മറ്റൊരു മുറിയിലായിരുന്നു താമസം. എന്നാല്‍ ബുധനാഴ്ച രാത്രി അവള്‍ 17 വയസ്സുള്ള പെണ്‍കുട്ടിയുടെ മുറിയിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഇരുവരെയും മറ്റ് ഹോസ്റ്റല്‍ താമസക്കാര്‍ കണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

17 വയസ്സുള്ള പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയും അത്‌ലറ്റിക്‌സ് പരിശീലനാര്‍ഥിയുമാണ്. 15 വയസ്സുള്ള പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കബഡി താരമാണ്.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.