108 ആംബുലന്‍സ് ജീവനക്കാര്‍ സമരം പിന്‍വലിച്ചു; തീരുമാനം മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിൽ

108 ആംബുലന്‍സ് ജീവനക്കാര്‍ സമരം പിന്‍വലിച്ചു; തീരുമാനം മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിൽ


തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിലാണ് ധാരണയായതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ലേബര്‍ കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ യോഗം വിളിക്കാൻ മന്ത്രി തീരുമാനിച്ചത്. ബോണസ് വിഷയം സംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജീവനക്കാരുമായി കഴിഞ്ഞ ഒമ്പതാം തീയതി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് തൊഴില്‍മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ മുന്നറിയിപ്പ് നൽകിയിരുന്നത്. 

2025–26 സാമ്പത്തിക വർഷത്തെ ഓണം ബോണസ് നൽകാത്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സെപ്റ്റംബർ 17 മുതൽ 24 മണിക്കൂർ പണിമുടക്കിന് ജീവനക്കാർ ആദ്യം നോട്ടീസ് നൽകിയിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരൻ അടിയന്തര മെഡിക്കൽ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതിനെതിരെ ശക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ അവശ്യ സേവന പരിപാലന നിയമം (എസ്മ) പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.