ടെകസ്‌റ്റൈൽ കയറ്റുമതിക്ക് ഇന്ത്യക്കും സീറോ താരിഫ്: യുഎസ് വ്യാപാര കരാറിൽ ആശങ്ക വേണ്ടെന്ന് പീയുഷ് ഗോയൽ

ടെകസ്‌റ്റൈൽ കയറ്റുമതിക്ക് ഇന്ത്യക്കും സീറോ താരിഫ്: യുഎസ് വ്യാപാര കരാറിൽ ആശങ്ക വേണ്ടെന്ന് പീയുഷ് ഗോയൽ


ന്യൂഡൽഹി: യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ സീറോ താരിഫ് വ്യവസ്ഥ ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് തിരിച്ചടിയാകുമെന്ന ആശങ്കകൾക്കിടെ, ഇന്ത്യയ്ക്കും അതേ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. അമേരിക്കയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്താൽ ഇന്ത്യൻ കയറ്റുമതിക്കാർക്കും സീറോ റിസിപ്രോക്കൽ താരിഫ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ്-ബംഗ്ലാദേശ് കരാറനുസരിച്ച് ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾക്ക് 19 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നിലവിൽ 18 ശതമാനം തീരുവയാണ് ബാധകമാകുന്നത്. എന്നാൽ, അമേരിക്കൻ പരുത്തിയും മാൻമെയ്ഡ് ഫൈബറും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾക്ക് സീറോ താരിഫ് അനുവദിക്കുന്ന വ്യവസ്ഥ ബംഗ്ലാദേശിന് പ്രത്യേക നേട്ടമാകുമെന്ന വിലയിരുത്തലാണ് ഉയർന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കും അതേ സൗകര്യം ഉണ്ടെന്ന് പീയുഷ് ഗോയൽ വിശദീകരിച്ചത്. പാർലമെന്റിൽ രാഹുൽ ഗാന്ധി തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന വിമർശനത്തോടെയാണ് ഗോയൽ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ അന്തിമരൂപം കൈവരിക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ കർഷകരുടെയും രാജ്യത്തിന്റെ താൽപ്പര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണെന്നും ഗോയൽ ആവർത്തിച്ചു. കാർഷിക, ഡയറി മേഖലകളെ കരാർ ബാധിക്കുന്നില്ലെന്നും, അരി, ഗോതമ്പ്, പയർവർഗങ്ങൾ, മില്ലറ്റുകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ കർഷകരുടെ ഉൽപ്പാദനത്തിന്റെ 90-95 ശതമാനവും കരാറിന് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് നിലവിൽ ആവശ്യമായതും ആഭ്യന്തര കർഷകർക്ക് ദോഷം വരുത്താത്തതുമായ ചില ഉൽപ്പന്നങ്ങളിലാണ് യുഎസിന് പരിമിത ഇളവുകൾ നൽകിയിരിക്കുന്നതെന്നും, ഇത് കൃത്യമായ തന്ത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ കയറ്റുമതിയും കർഷക താൽപ്പര്യങ്ങളും സംരക്ഷിക്കുന്ന ശക്തമായ കരാറാണ് യുഎസുമായുണ്ടാക്കിയതെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.