യുവജന പ്രക്ഷോഭം പരാമര്‍ശിച്ചില്ല; പ്രക്ഷോഭകാരികള്‍ ബുദ്ധിജീവി നക്‌സലുകളായി

യുവജന പ്രക്ഷോഭം പരാമര്‍ശിച്ചില്ല; പ്രക്ഷോഭകാരികള്‍ ബുദ്ധിജീവി നക്‌സലുകളായി


ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച യുവജന പ്രതിഷേധങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രതിഷേധങ്ങളുടെ കാരണമോ യുവാക്കളുടെ വ്യാപകമായ അമര്‍ഷമോ നേരിട്ട് പരാമര്‍ശിച്ചില്ല. പകരം സമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന 'ദിമാഗി നക്‌സലുകള്‍' (ബുദ്ധിജീവി നക്‌സലുകള്‍)ക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടിവന്ന സാഹചര്യത്തിലേക്ക് നയിച്ച യുവജന പ്രതിഷേധങ്ങള്‍ക്കുശേഷമാണ് മോഡി ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍നിന്ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. മോഡിയുടെ 13-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നെങ്കിലും രാജ്യത്തിന്റെ തെരുവുകളില്‍ വ്യാപകമായ ജനരോഷം ഉയര്‍ന്നശേഷമുള്ള ആദ്യ പ്രസംഗമായിരുന്നു ഇത്.

രാജ്യത്തെ വനമേഖലകളില്‍ ഇടതുപക്ഷ തീവ്രവാദം നിയന്ത്രണവിധേയമാക്കിയെങ്കിലും 'ദിമാഗി നക്‌സലുകള്‍' ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരെ ഒറ്റപ്പെടുത്തണമെന്നും രാജ്യത്തെ യുവാക്കളെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മുഖ്യധാരയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെയോ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളെച്ചൊല്ലിയുള്ള യുവാക്കളുടെ പ്രതിഷേധത്തെയോ സമരക്കാര്‍ക്കെതിരെ നടന്ന പൊലീസ് നടപടികളെയോ അദ്ദേഹം പരാമര്‍ശിച്ചില്ല. പൊലീസ് നടപടികള്‍ക്കുശേഷം പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാക്കളുടെ എണ്ണം വര്‍ധിച്ചുവെന്നതും പ്രസംഗത്തില്‍ ചര്‍ച്ചയായില്ല.

അതേസമയം, യുവാക്കളെ ലക്ഷ്യമിട്ടുള്ള ചില പ്രഖ്യാപനങ്ങള്‍ പ്രസംഗത്തിലുണ്ടായി. രാജ്യത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി മത്സരപ്പരീക്ഷകള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം നല്‍കുമെന്നും മോ[ി പ്രഖ്യാപിച്ചു.

'ദിമാഗി നക്‌സലുകള്‍'ക്കെതിരെ മുന്നറിയിപ്പ്

ഇടതുപക്ഷ തീവ്രവാദം അവസാനിച്ചെങ്കിലും മാവോയിസ്റ്റ് ചിന്താഗതിയുള്ളവരും 'ദിമാഗി നക്‌സലുകളും' അധികാര ഇടനാഴികളില്‍ വേരൂന്നിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

'വര്‍ഷങ്ങളായി മാവോയിസ്റ്റ് ചിന്താഗതിയുള്ള ചിലര്‍ രാജ്യത്തിന്റെ അധികാര ഇടനാഴികളില്‍ വേരൂന്നിയിരുന്നു. സര്‍ക്കാര്‍ സമിതികളിലെ ഉപദേശകരെന്ന നിലയിലും അവര്‍ നയങ്ങളെ സ്വാധീനിച്ചു. വനമേഖലകളിലെ സായുധ നക്‌സലുകളെ ഇല്ലാതാക്കാനും ആ പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനും നമുക്ക് കഴിഞ്ഞു,' മോഡി പറഞ്ഞു.

'എന്നാല്‍ സായുധ നക്‌സലുകള്‍ ഇല്ലാതായെങ്കിലും 'ദിമാഗി നക്‌സലുകള്‍' അവസരത്തിനായി കാത്തിരിക്കുകയാണ്. അക്രമത്തിനും ഭിന്നതയ്ക്കും വഴിയൊരുക്കാനുള്ള മാര്‍ഗങ്ങള്‍ അവര്‍ തേടുന്നു. സമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ വിവിധ തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നു. ഈ 'ദിമാഗി നക്‌സലുകളെ' നാം തിരിച്ചറിയണം. അവരെ ഒറ്റപ്പെടുത്തുകയും രാജ്യത്തെ യുവാക്കളെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മുഖ്യധാരാ ശ്രമവുമായി ബന്ധിപ്പിക്കുകയും വേണം,' അദ്ദേഹം പറഞ്ഞു.

'ദിമാഗി നക്‌സല്‍' എന്ന പ്രയോഗം മോഡി ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിലും വിമര്‍ശകരെ വിശേഷിപ്പിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുമ്പ് 'അര്‍ബന്‍ നക്‌സല്‍' എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020ലും 2022ലും പാര്‍ലമെന്റില്‍ മറുപടി നല്‍കിയപ്പോള്‍ ഔദ്യോഗികമായി 'അര്‍ബന്‍ നക്‌സല്‍' എന്ന പ്രയോഗം ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നായ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടും പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തി. മത്സരപ്പരീക്ഷകള്‍ക്കുള്ള കോച്ചിങ് ക്ലാസുകളുടെ ചെലവ് കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'കോച്ചിങ് ക്ലാസുകള്‍ക്കായുള്ള മത്സരം നമ്മുടെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വലിയ ഭാരമായി മാറിയിരിക്കുന്നു. കുട്ടിയെ കോച്ചിങ് ക്ലാസിന് അയച്ചില്ലെങ്കില്‍ കുടുംബത്തിന് സമൂഹത്തില്‍ വേണ്ടത്ര അംഗീകാരം ലഭിക്കില്ലെന്ന തോന്നല്‍ പല മാതാപിതാക്കള്‍ക്കുമുണ്ട്. പാവപ്പെട്ടവരും മധ്യവര്‍ഗ കുടുംബങ്ങളും ഇതിനായി ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി രൂപയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ആ ചെലവ് ഒഴിവാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' മോഡി പറഞ്ഞു.

വിവിധ മത്സരപ്പരീക്ഷകള്‍ക്കായി യുവാക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

'നമുക്ക് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും മികച്ച പ്രതിഭകളും അധ്യാപകരുമുണ്ട്. ഈ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനുള്ള സമഗ്ര ശൃംഖല ഒരുക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

മത്സരപ്പരീക്ഷകളിലേക്ക് യുവാക്കള്‍ എത്തുന്നതിന്റെ കാരണമെന്ത്?

എന്നാല്‍ മത്സരപ്പരീക്ഷകളിലേക്ക് ആയിരക്കണക്കിന് യുവാക്കള്‍ എത്തിപ്പെടാന്‍ ഇടയാക്കുന്ന കാരണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചില്ല. തൊഴില്‍ അവസരങ്ങളുടെ കുറവോ യുവാക്കളുടെ തൊഴിലില്ലായ്മയോ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളെച്ചൊല്ലിയുള്ള പ്രതിഷേധമോ അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ല.

പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നൈപുണ്യം നേടുന്നതിലേക്ക് യുവാക്കളെ നയിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

'ചെങ്കോട്ടയില്‍നിന്ന് രാജ്യത്തെ യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്- അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് എഐ നൈപുണ്യ പരിശീലനം നല്‍കും. എഐ മേഖലയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ലോകത്തെ നയിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഈ പരിശീലനം,' മോഡി പറഞ്ഞു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍

യുവാക്കളുടെ പ്രതിഷേധം നേരിട്ട് പരാമര്‍ശിക്കാതിരുന്നെങ്കിലും മത്സരപ്പരീക്ഷാ തയ്യാറെടുപ്പ്, കോച്ചിങ് ചെലവ്, ഡിജിറ്റല്‍ പരിശീലനം, എഐ നൈപുണ്യം തുടങ്ങിയ വിഷയങ്ങള്‍ പ്രസംഗത്തില്‍ ഇടംപിടിച്ചത് ശ്രദ്ധേയമാണ്.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ പ്രധാന ആശങ്കകളായ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍, തൊഴില്‍ അവസരങ്ങളുടെ കുറവ്, യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിവയ്ക്ക് പ്രസംഗത്തില്‍ നേരിട്ടുള്ള മറുപടി ഉണ്ടായില്ല.

യുവാക്കളെ രാജ്യത്തിന്റെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ തെരുവുകളില്‍ ഉയര്‍ന്ന യുവജന രോഷത്തിന്റെ കാരണങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച നടപടികള്‍ എത്രത്തോളം ഫലപ്രദമാകുമെന്നതാണ് ഇനി ശ്രദ്ധേയമാകുക.