'ആക്രമിച്ചാലും പാകിസ്ഥാനി എന്ന് വിളിച്ചാലും കൈ ഉയർത്തില്ല' എന്ന് ദിപ്‌കെ

'ആക്രമിച്ചാലും പാകിസ്ഥാനി എന്ന് വിളിച്ചാലും കൈ ഉയർത്തില്ല' എന്ന് ദിപ്‌കെ


ജയ്പൂർ: കയ്യേറ്റ സംഭവത്തിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. ആക്രമണം തന്നെ ഭയപ്പെടുത്തില്ലെന്നാണ് ദിപ്‌കെ വ്യക്തമാക്കിയത്. 'എത്ര ആക്രമണങ്ങൾ ഉണ്ടായാലും എന്നെ പാക്കിസ്ഥാനി എന്നു വിളിച്ചാലും ഞാൻ ആരുടെയും നേരെ കൈ ഉയർത്തില്ല. ഭീരുക്കളാണ് അക്രമത്തെ ആശ്രയിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടി ജയ്പൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം നടന്നിരുന്നു. ജയ്പൂരിലെ ഷഹീദ് സ്മാരകത്തിൽ നടന്ന പ്രതഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രണ്ട് പേർ ദിപ്‌കെയെ ആക്രമിച്ചത്.

പ്രവർത്തകർ ചുമലലേറ്റി വേദിയലേക്ക് കൊണ്ടുപോകുന്നതിനിടെ എത്തിയ ആക്രമികൾ ദിപ്‌കെയുടെ സ്‌കാർഫ് വലിച്ചുപറിക്കുകയും നിരവധി തവണ മുഖത്തടിക്കുകയും ചെയ്തു. പിന്നാലെ ദിപ്‌കെയുടെ അനുയായികൾ ആക്രമികളെ പിടികൂടി മർദിച്ച ശേഷം പൊലീസിന് കൈമാറി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്നെ ലക്ഷ്യമിട്ട് ഉയരുന്ന വിമർശനങ്ങൾക്കും ദിപ്‌കെ മറുപടി നൽകി. 'എന്നെ പാകിസ്ഥാനി എന്ന് വിളിക്കാം. ഇവിടെ കൂടിയിരിക്കുന്നവരെയും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെയും പാകിസ്ഥാനി എന്ന് മുദ്രകുത്താം. എന്നാൽ അത്തരം ആരോപണങ്ങൾ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. യുവാക്കളുടെ അവകാശങ്ങൾക്കായി ഞങ്ങൾ ശബ്ദമുയർത്തുന്നത് തുടരും,' അദ്ദേഹം പറഞ്ഞു.

പിന്നീട് എക്‌സിൽ പങ്കുവെച്ച വീഡയോ സന്ദേശത്തിലും ആക്രമണം പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ദിപ്‌കെ ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകളും വിദ്യാർഥികളുടെ ആത്മഹത്യകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തിൽ വിദ്യാർഥികളും തൊഴിലില്ലാത്ത യുവാക്കളും പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ച കുടുംബാംഗങ്ങളും പങ്കെടുത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ കുടുംബം അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി പ്രതിഷേധത്തിൽ എത്തിയതും ശ്രദ്ധേയമായി. കഴിഞ്ഞ വർഷം ജയ്പൂരിലെ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ ഒൻപത് വയസുകാരി അമൈറയുടെ കുടുംബവും പ്രതഷേധത്തിൽ പങ്കാളികളായി.

അതേസമയം, ദിപ്‌കെയെ ആക്രമിച്ചവർക്കു ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. പ്രതിഷേധം തടയാൻ ഭരണകൂടം ശ്രമിക്കുന്നുവെന്നും അക്രമത്തിലൂടെ ആവശ്യങ്ങൾ അടിച്ചമർത്താനാകില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണവും പ്രതിഷേധക്കാർ ഉയർത്തി.