12 വർഷത്തിന്റെ നാഴികക്കല്ല്: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി

12 വർഷത്തിന്റെ നാഴികക്കല്ല്: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി



ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പുതിയൊരു നേട്ടം കുറിക്കുകയാണ്. പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസം തുടർച്ചയായി സേവനമനുഷ്ഠിച്ച മോഡി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാലം പ്രധാനമന്ത്രിയായി എന്ന റെക്കോർഡിന് ഉടമയായി മാറും. ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോഡി മറികടക്കുന്നത്.

2014 മെയ് 26ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ മോഡി, 2019ലും 2024ലും വീണ്ടും അധികാരത്തിലെത്തി മൂന്നാം തവണയും രാജ്യത്തെ നയിക്കുകയാണ്. ഈ കാലയളവിൽ ക്ഷേമപദ്ധതികളുടെ വ്യാപനം, ഡിജിറ്റൽ ഇന്ത്യ, യുപിഐ സംവിധാനത്തിന്റെ വളർച്ച, റോഡ് റെയിൽ വിമാനത്താവള വികസനം, പ്രതിരോധ മേഖലയുടെ ശക്തിപ്പെടുത്തൽ എന്നിവയിൽ കേന്ദ്ര സർക്കാർ ശ്രദ്ധേയമായ മന്നേറ്റങ്ങൾ കൈവരിച്ചതായി ബിജെപി നേതൃത്വം അവകാശപ്പെട്ടു.

ചരിത്രമുഹൂർത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഇന്ന് ചേരുന്ന യോഗത്തിൽ മോഡിയെ ആദരിക്കും. 72 എൻഡിഎ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഭരണനേട്ടങ്ങളെയും അഭിനന്ദിച്ച് പ്രമേയവും പാസാക്കും.

12 വർഷത്തെ യാത്ര ജനങ്ങളുടെ വിശ്വാസത്തിന്റെയും വികസനത്തിന്റെയും പൊതക്ഷേമത്തിന്റെയും പ്രതീകമാണെന്ന് മോഡി പ്രതികരിച്ചു. രാജ്യത്തിലെ യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്നതിന് സർക്കാർ നിരന്തരം പ്രവർത്തിച്ചുവെന്നും അതിന്റെ ഫലമായാണ് ഇന്ത്യ ആഗോള വേദിയിൽ പുതിയ വ്യക്തിത്വം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോഡി ഭരണകാലത്ത് ദാരിദ്ര്യനിർമാർജനം, ഭവനപദ്ധതികൾ, ആരോഗ്യപരിരക്ഷ, സാമ്പത്തിക ഉൾക്കൊള്ളൽ, പ്രതിരോധ കയറ്റുമതി എന്നിവയിൽ വലിയ പരോഗതി കൈവരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അവകാശപ്പെട്ടു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉൾപ്പെടെയുള്ള നിർണായക രാഷ്ട്രീയ തീരുമാനങ്ങളും ഈ കാലഘട്ടത്തിലെ പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പ്രസാദ്ബിസ്സേസർ തുടങ്ങിയ ലോകനേതാക്കളും മോഡിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ആഗോള സ്വാധീനവും വികസനപാതയും ശക്തിപ്പെടുത്തുന്നതിൽ മോഡിയുടെ നേതൃത്വത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

മോഡിയുടെ 12 വർഷത്തെ ഭരണനേട്ടങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിന് ബിജെപി രാജ്യവ്യാപകമായി പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.