ജയ്പൂര്‍: പാര്‍ട്ടി സഹ കണ്‍വീനര്‍ ആശുതോഷ് റങ്കയെയും മറ്റ് പ്രവര്‍ത്തകരെയും ജയ്പൂരിലെ ബാഗ്രു നിയമസഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ആക്രമിച്ചെന്ന ആരോപണത്തില്‍ കടുത്ത പ്രതിഷേധവുമായി കോക്രോച്ച് ജന്താ പാര്‍ട്ടി നേതാവ് അഭിജീത് ദിപ്‌കെ. സംഭവത്തില്‍ 48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജയ്പൂരിലെത്തി പ്രതിഷേധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ദിപ്‌കെ, ആക്രമണത്തില്‍ പ്രാദേശിക പൊലീസിന്റെ നിലപാടിനെയും വിമര്‍ശിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബി ജെ പി പ്രവര്‍ത്തകരാണ് ആശുതോഷ് റങ്കയെയും മറ്റ് സി ജെ പി പ്രവര്‍ത്തകരെയും ആക്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
'രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്നും ആശുതോഷിനും മറ്റ് സി ജെ പി പ്രവര്‍ത്തകര്‍ക്കും പിന്നാലെ ബി ജെ പി ഗുണ്ടകള്‍ രക്തത്തിനായി നടക്കുകയാണ്,' ദിപ്‌കെ കുറിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ സി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ രാജസ്ഥാന്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്‌കൂളുകള്‍ പോത്തുകളുടെ തൊഴുത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പൊലീസിന് പ്രശ്നമില്ലെന്നും എന്നാല്‍ സി ജെ പി പ്രവര്‍ത്തകര്‍ അവിടേക്ക് പ്രവേശിക്കുന്നതാണ് പ്രശ്നമെന്നും ദിപ്‌കെ വിമര്‍ശിച്ചു.
48 മണിക്കൂറിനകം ആക്രമികളെ അറസ്റ്റ് ചെയ്യുകയും സ്‌കൂളിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തില്ലെങ്കില്‍ ജയ്പൂരിലെത്തി പ്രതിഷേധിക്കുമെന്ന് എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലും ദിപ്‌കെ വ്യക്തമാക്കി. പ്രതിഷേധത്തില്‍ ജനങ്ങള്‍ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സി ജെ പി സഹസ്ഥാപകന്‍ ആശുതോഷ് റങ്കയും പ്രവര്‍ത്തകരും ജയ്പൂരിലെ റാംപുര കന്‍വര്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. പാര്‍ട്ടിയുടെ 'സ്‌കൂള്‍ ഠീക് കരോ' പ്രചാരണത്തിന്റെ ഭാഗമായാണ് സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന സി ജെ പി സംഘത്തെ ഒരു സംഘം ആളുകള്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി ജെ പിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഘം പ്രവര്‍ത്തകരെ 'അര്‍ബന്‍ നക്‌സലുകള്‍', 'ദേശവിരുദ്ധര്‍', 'പാകിസ്ഥാനികള്‍' തുടങ്ങിയ പേരുകളിലും വിളിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം.
ആക്രമണത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് സി ജെ പി ആരോപിച്ചു. സ്‌കൂള്‍ പരിശോധിക്കാന്‍ ഗ്രാമവാസികള്‍ തന്നെയാണ് തങ്ങളെ ക്ഷണിച്ചതെന്ന് റങ്ക പറഞ്ഞു. പശുത്തൊഴുത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രധാന കെട്ടിടം വിദ്യാര്‍ഥികള്‍ക്കായി അടച്ചിരിക്കുകയാണ്. നിലവില്‍ സമീപത്തെ കന്നുകാലിത്തൊഴുത്തിലാണ് ക്ലാസുകള്‍ നടക്കുന്നതെന്നാണ് ആരോപണം.
