ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈലുകളുടെ പുതിയ പതിപ്പിനെ കുറിച്ച് പുടിനുമായി ചര്‍ച്ച നടത്തും

ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈലുകളുടെ പുതിയ പതിപ്പിനെ കുറിച്ച് പുടിനുമായി ചര്‍ച്ച നടത്തും


ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ മെച്ചപ്പെടുത്തിയ പുതിയ പതിപ്പുകളുടെ വികസനം ചര്‍ച്ച ചെയ്യാന്‍ സാധ്യത.  പാകിസ്ഥാനെതിരെ നാലുദിവസം നീണ്ട ഓപ്പറേഷന്‍ സിന്തൂറില്‍ ഇന്ത്യന്‍ സേനയുടെ പ്രധാന ആയുധമാണ് ബ്രഹ്മോസ്.

രാജ്യത്തിന് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത് ബ്രഹ്മോസ് എന്‍ജി പോലുള്ള ഭാരം കുറഞ്ഞ പതിപ്പുകളുടെ വികസനമാണ്. ഇത് ഇന്ത്യന്‍ വ്യോമസേനയിലെ ഏത് പോര്‍വിമാനത്തിലും ഘടിപ്പിക്കാനാവുകയും 400 കിലോമീറ്ററിലധികം ദൂരത്തിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനാവുകയും ചെയ്യും. അതോടൊപ്പം, നിലവിലെ ശേഷിയേക്കാള്‍ മൂന്നിരട്ടയിലധികം ദൂരത്തിലുള്ള ലക്ഷ്യങ്ങളെ നേരിടാന്‍ കഴിയുന്ന ദീര്‍ഘദൂര വകഭേദങ്ങളുടെയും വികസനം ആവശ്യമാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ വിഷയങ്ങള്‍ പുടിന്റെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രഹ്മോസ് മിസൈലുകള്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണത്തിന്റെ ഏറ്റവും വിജയകരമായ സഹവികസന മാതൃകകളിലൊന്നാണ്. പുടിന്‍ സന്ദര്‍ശനത്തിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ഹൈപ്പര്‍സോണിക് മിസൈലുകളും ദീര്‍ഘദൂര എയര്‍-ടു-എയര്‍ മിസൈലുകളുമായി ബന്ധപ്പെട്ട സഹകരണവും പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. 

പാകിസ്ഥാനിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ സുസ്ഥിരമായി ഉപയോഗിക്കപ്പെട്ട എസ്400 സുധര്‍ശന്‍ ചക്ര എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റത്തിന്റെ 280 മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ അന്തിമമാക്കാനും സാധ്യതയുണ്ട്.

ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ നാവികസേനയിലും മറ്റ് മൂന്ന് സേനാപ്രവര്‍ത്തനങ്ങളിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ബ്രഹ്മോസ് ഫിലിപ്പൈന്‍സിലേക്ക് വിജയകരമായി കയറ്റുമതി ചെയ്തതോടൊപ്പം ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും വില്‍പ്പന സാധ്യതകള്‍ വര്‍ധിച്ചുവരുന്നു.

സൂപ്പര്‍സോണിക് വേഗതയുള്ള ബ്രഹ്മോസ് ശത്രുസേനയ്ക്ക് തടയാനാവാത്തതും അതിന്റെ ലക്ഷ്യത്തെ കൃത്യമായി തൊടുന്നതുമായ ആയുധമാണെന്ന് ഈ വര്‍ഷം മെയ് മാസ്ം  പാകിസ്ഥാനുമൊത്തുണ്ടായ സംഘര്‍ഷത്തില്‍ തെളിയുകയും ചെയ്തു.