വിവാഹത്തിനുശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കുന്ന രീതി മാറണം: സുപ്രീം കോടതി

വിവാഹത്തിനുശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കുന്ന രീതി മാറണം: സുപ്രീം കോടതി


ന്യൂഡൽഹി: വിവാഹത്തിന് ശേഷം സ്ത്രീകൾ നേരിടുന്ന പീഡനങ്ങളിലും ക്രൂരതകളിലും കടുത്ത വിമർശനവുമായി സുപ്രീം കോടതി. വിവാഹത്തിനു ശേഷം വധുവിനെയും കുടുംബത്തെയും എന്തിനാണ് ദ്രോഹിക്കുന്നതെന്ന് ചോദിച്ച കോടതി, വധുവിനെയും കുടുംബത്തെയും പിഴിഞ്ഞെടുക്കുന്ന രീതി മാറണമെന്നും നിരീക്ഷിച്ചു. ഛത്തീസ്​ഗഡിൽ ഒരു വധു 2010ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച ശിക്ഷയിൽ ഇളവുതേടി വരന്റെ സഹോദരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ്  സുപ്രധാന നിരീക്ഷണം നടത്തിയത്. 

ജസ്റ്റീസ് ബി.വി.നാ​ഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. വിദ്യാഭ്യാസമുള്ളവർ പോലും പണത്തിനും സ്വത്തിനുമായി വധുവിനെയും കുടുംബത്തെയും പീഡിപ്പിക്കുന്ന പ്രവണത വർദ്ധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്ക് ഇളവ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വധുവിനെയും കുടുംബത്തെയും അപമാനിക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്നും നിരീക്ഷിച്ചു.