ന്യൂഡല്‍ഹി: മികച്ച പശ്ചാത്തല-സോഷ്യല്‍ മീഡിയ പരിശോധനാ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിശ്ചയിച്ചിരുന്ന എച്ച്1ബി വിസ പുതുക്കല്‍ അഭിമുഖങ്ങള്‍ കൂട്ടത്തോടെ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 15ന് ശേഷമുള്ള തീയതികളില്‍ അഭിമുഖം ലഭിച്ച ആയിരക്കണക്കിന് അപേക്ഷകരുടെ അപ്പോയിന്റ്‌മെന്റുകളാണ് മുന്നറിയിപ്പില്ലാതെ മാസങ്ങളോളം നീട്ടിയത്. ചിലര്‍ക്കു പുതിയ തീയതി 2026 ഒക്ടോബര്‍ വരെയായി നീളുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ കോണ്‍സുലേറ്റ് ഓഫീസുകളില്‍ എത്തരുതെന്ന് അമേരിക്കന്‍ എംബസി ഇന്ത്യയില്‍ അപേക്ഷകരോട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് മാറ്റിയതായി ഇമെയില്‍ ലഭിച്ചവര്‍ പുതുക്കിയ തീയതിയില്‍ എത്തണമെന്ന് എംബസി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അഭിമുഖങ്ങള്‍ മാറ്റിയതോടെ ഇതിനകം വിസ സ്റ്റാമ്പിങ്ങിനായി ഇന്ത്യയിലെത്തിയ നിരവധി പേര്‍ക്ക് അമേരിക്കയിലേക്കു മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സാധുവായ എച്ച്1ബി വിസ ഇല്ലാത്തതിനാല്‍ ജോലിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ആയിരക്കണക്കിന് പ്രൊഫഷണലുകളാണ് പ്രതിസന്ധിയിലായത്. പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഡിസംബര്‍ 15ന് ശേഷമുള്ള എല്ലാ അപേക്ഷകര്‍ക്കും ഈ മാറ്റം ബാധകമാണ്. എച്ച്1ബി മാത്രമല്ല, മറ്റ് വിസ വിഭാഗങ്ങളിലെയും അഭിമുഖങ്ങള്‍ പുതുക്കിയ സോഷ്യല്‍ മീഡിയ പരിശോധനാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ എത്ര പേര്‍ക്ക് ഈ സാഹചര്യം ബാധിക്കപ്പെടുമെന്നത് വ്യക്തമായിട്ടില്ല.
എച്ച്1ബി വിസ സ്റ്റാമ്പിങ് ഇപ്പോള്‍ 'അനിശ്ചിതത്വങ്ങളുടെ വഴിത്താര'യായതായി ഹൂസ്റ്റണിലെ ഇമിഗ്രേഷന്‍ അഭിഭാഷക എമിലി ന്യൂമാന്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയും മാസങ്ങളോളം നീട്ടുകയും ചെയ്യുന്നത് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വലിയ വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം എച്ച്1ബി പദ്ധതിയില്‍ കൂടുതല്‍ കാര്‍ക്കശ്യനിലപാട് സ്വീകരിച്ചതോടെയാണ് പരിശോധനകള്‍ ശക്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കുള്ള കാലാവധിയുള്ള ഈ വിസ പിന്നീട് മൂന്നു വര്‍ഷം കൂടി പുതുക്കാം. സമീപകാലത്ത് അംഗീകാരം ലഭിച്ച എച്ച്1ബി അപേക്ഷകളില്‍ ഏകദേശം 71 ശതമാനവും ഇന്ത്യക്കാരുടേതാണെന്നാണ് യുഎസ്‌സിഐഎസ് കണക്കുകള്‍. ഇതിനിടയില്‍ എച്ച്1ബി വിസ ഫീസ് 100,000 ഡോളറായി ഉയര്‍ത്തിയ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനവും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതിയ കര്‍ശന പരിശോധന; ഇന്ത്യയിലെ എച്ച്1ബി വിസ അഭിമുഖങ്ങള്‍ കൂട്ടത്തോടെ മാറ്റി
