ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയർന്നതിന് കാരണം എത്തനോൾ ഉൽപാദനത്തിന് പഞ്ചസാര വഴിതിരിച്ചുവിട്ടതല്ലെന്ന് കേന്ദ്രസർക്കാർ. ആഭ്യന്തര- ആഗോള ഘടകങ്ങളുടെ സംയുക്ത ഫലമായാണ് അടുത്തിടെ വില വർധിച്ചതെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 20ന് കിലോഗ്രാമിന് 48.18 രൂപയായിരുന്ന ചില്ലറ പഞ്ചസാര വില ഓഗസ്റ്റ് 20ന് 55.70 രൂപയായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. ഉത്സവകാലത്ത് വില വർധിച്ചതിന് കേന്ദ്രസർക്കാരിന്റെ ഇ20 ശതമാനം എത്തനോൾ പെട്രോളിയ
കലർത്തിയ നയമാണ് കാരണമെന്ന ആരോപണവും മന്ത്രാലയം തള്ളി.
രാജ്യത്തെ പഞ്ചസാര ഉത്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിലവിലെ സീസണിൽ 343 ലക്ഷം മെട്രിക് ടൺ ഉത്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും 306 ലക്ഷം മെട്രിക് ടൺ മാത്രമായിരിക്കുമെന്നാണ് പുതിയ കണക്ക്. റെഡ് റോട്ട്, ടോപ് ബോറർ തുടങ്ങിയ രോഗങ്ങളും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും കരിമ്പ് കൃഷിയെ ബാധിച്ചതാണ് ഉത്പാദനം കുറയാൻ കാരണം.
ഉത്സവകാലത്തിന് മുന്നോടിയായുള്ള ആവശ്യകത വർധന, ആഗോള വിപണിയിലെ പഞ്ചസാര ലഭ്യത കുറഞ്ഞത്, പ്രതികൂല കാലാവസ്ഥ, വിപണിയിലെ ഊഹക്കച്ചവടം, ചില വിഭാഗങ്ങൾ നടത്തിയ സംഭരണം എന്നിവയും വിലക്കയറ്റത്തിന് കാരണമായതായി കേന്ദ്രം വ്യക്തമാക്കി.
എത്തനോളിന് പങ്കില്ല
എത്തനോൾ ഉത്പാദനത്തിനായി പഞ്ചസാര വഴിതിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന വാദം തെറ്റാണെന്ന് മന്ത്രാലയം പറഞ്ഞു. എത്തനോൾ ഉത്പാദനത്തിലേക്ക് മാറ്റുന്ന പഞ്ചസാരയുടെ വിഹിതം 2022-23ൽ ഏകദേശം 12 ശതമാനമായിരുന്നത് 2025-26ൽ ഒമ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, രാജ്യത്തെ എത്തനോൾ ഉൽപാദനത്തിന്റെ നാലിൽ മൂന്ന് ഭാഗത്തോളം ഇപ്പോൾ ധാന്യങ്ങളിൽനിന്നാണ്, പ്രത്യേകിച്ച് ചോളത്തിൽനിന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എത്തനോൾ നയം പഞ്ചസാര മില്ലുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാൻ സഹായിക്കുകയും ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. 2025-26 സീസണിലെ കരിമ്പ് കുടിശ്ശികയുടെ 97 ശതമാനവും ഓഗസ്റ്റ് 20നകം മില്ലുകൾ തീർത്തതായാണ് സർക്കാർ കണക്ക്.
ആഗോള ക്ഷാമവും സമ്മർദമാകുന്നു
ആഗോള വിപണിയിലെ സ്ഥിതിയും രാജ്യത്തെ പഞ്ചസാര വിലയെ സ്വാധീനിക്കുന്നുണ്ട്. 2026-27ൽ ആഗോളതലത്തിൽ 33 ലക്ഷം മെട്രിക് ടൺ പഞ്ചസാരയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. പ്രധാന ഉൽപാദക രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥ ഉൽപാദനത്തെ ബാധിച്ചതാണ് ഇതിന് കാരണം.
ജൂൺ 30ന് ടണ്ണിന് 474 ഡോളറായിരുന്ന ആഗോള പഞ്ചസാര വില ഓഗസ്റ്റ് 20ന് 552 ഡോളറായി ഉയർന്നു. രണ്ടുമാസത്തിൽ താഴെ സമയത്തിനിടെ 16 ശതമാനത്തിലേറെ വർധനയാണിത്.
വിലക്കയറ്റം തടയാൻ നടപടി
ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി കേന്ദ്രം വിവിധ നടപടികൾ സ്വീകരിച്ചു. വ്യാപാരികൾക്ക് ഏർപ്പെടുത്തിയ 400 ടൺ സംഭരണ പരിധി നവംബർ 30 വരെ തുടരും. സെപ്റ്റംബർ ഒന്ന് മുതൽ ബൾക്ക് ഉപഭോക്താക്കൾക്ക് 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാനാകൂ.
പഞ്ചസാര മില്ലുകളിലെ സ്റ്റോക്ക് പരിശോധനയ്ക്കായി കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. സംഭരണവും കൃത്രിമ ക്ഷാമവും കണ്ടെത്തുകയാണ് ലക്ഷ്യം.
10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും കേന്ദ്രം അനുമതി നൽകി. പഞ്ചസാര മില്ലുകൾ ഒക്ടോബർ 15 മുതൽ തന്നെ കരിമ്പ് അരയ്ക്കൽ ആരംഭിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഒക്ടോബറിലെ പഞ്ചസാര ഉൽപാദനം സാധാരണ 3- 4 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 10 ലക്ഷം മെട്രിക് ടണ്ണിന് മുകളിലേക്ക് ഉയരുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ഉപഭോക്താക്കളുടെയും കരിമ്പ് കർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പഞ്ചസാര സ്റ്റോക്കും വിപണിയിലെ നടപടികളും തുടർന്നും നിരീക്ഷിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
