ചരിത്രനേട്ടം; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു

ചരിത്രനേട്ടം; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു


ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഒടുവിൽ യാഥാർഥ്യമായി. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയൻ 'മദർ ഓഫ് ഓൾ ട്രേഡ് ഡീലുകൾ' എന്നു വിശേഷിപ്പിച്ച കരാർ ചൊവ്വാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റയും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പിട്ടു.

ഒപ്പുവെച്ചതിന് പിന്നാലെ എക്‌സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ വ്യാപാര കൂട്ടായ്മകൾ ചരിത്രത്തിലെ ഏറ്റവും വലിയ എഫ്ടിഎയ്ക്ക് മുദ്രചാർത്തിയതായി അറിയിച്ചു. 213 ബില്യൺ ഡോളറിന്റെ വ്യാപാര മൂല്യമുള്ള ഈ കരാർ പരസ്പര വളർച്ചയ്ക്കുള്ള പുതിയ ബ്ലൂപ്രിന്റാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാണിത്. ഇന്ന് ജനുവരി 27 ന് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുമായി ഇന്ത്യ ഈ കരാർ ഒപ്പിടുന്നത് സന്തോഷകരമായ യാദൃച്ഛികതയാണ്. ഇത് വെറും വ്യാപാര ഉടമ്പടിയല്ല; പങ്കിട്ട സമൃദ്ധിയിലേക്കുള്ള പുതിയ വഴിയാണ്,' പ്രധാനമന്ത്രി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാർക്കും ഇതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നുമാണ് വിലയിരുത്തൽ.

'ആഗോള നന്മയ്ക്കുള്ള പങ്കാളിത്തം'

ഇന്ത്യ-ഇയു ബന്ധം ആഗോള നന്മയ്ക്കുള്ള തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് മോഡി പറഞ്ഞു.  ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് വിശേഷിപ്പിച്ച യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ, ഏകദേശം രണ്ട് ബില്യൺ ജനസംഖ്യ ഉൾക്കൊള്ളുന്ന വിപണി സൃഷ്ടിക്കുന്ന ചരിത്രപരമായ കരാറാണിതെന്നും ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം നേരിടൽ, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ആവശ്യപ്പെട്ട കോസ്റ്റ, 'സമാധാനത്തിനും ആഗോള സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നേതൃത്വത്തെ യൂറോപ്പ് പ്രതീക്ഷിക്കുന്നു,' എന്നും പറഞ്ഞു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള കോസ്റ്റ തന്റെ ഇന്ത്യൻ വേരുകളിൽ അഭിമാനം പ്രകടിപ്പിക്കുകയും, ഇന്ത്യ-ഇയു കരാർ ഇരുരാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും വ്യക്തമാക്കി.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥികളിലൊരാളായ ഉഴ്‌സുല വോൺ ഡെർ ലെയൻ, ഇന്ത്യയുടെ വളർച്ച ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്ന് പറഞ്ഞു. 'ഇന്ത്യ ഉയരുകയാണ് -യൂറോപ്പ് അതിൽ സന്തുഷ്ടമാണ്. ഇന്ത്യ വിജയിക്കുമ്പോൾ ലോകവും സുരക്ഷിതമാകും. ഞങ്ങൾ അത് ചെയ്തു - മദർ ഓഫ് ഓൾ ഡീലുകൾ നടപ്പാക്കി,' എന്നായിരുന്നു അവരുടെ പ്രതികരണം.

രണ്ടുദശാബ്ദം നീണ്ട ചർച്ചകൾക്ക് ഒടുവിൽ നേട്ടം

2007ൽ ആരംഭിച്ച ചർച്ചകൾ 2016ൽ നിലച്ചിരുന്നു. ഇന്ത്യയുടെ കാർഷിക-പാൽ ഉൽപ്പന്ന വിപണികളിലേക്കുള്ള പ്രവേശനമാണ് പ്രധാന തടസ്സമായത്. കോവിഡിനു ശേഷമുള്ള ആഗോള വിതരണ ശൃംഖല പ്രതിസന്ധിയും യുക്രെയ്ൻ യുദ്ധവും പശ്ചാത്തലമാക്കി 2022ൽ ചർച്ചകൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപിന്റെ താരിഫ് നടപടികൾ വന്നതോടെ ചർച്ചകൾ വേഗത്തിലാക്കി.

ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനം ഉൾക്കൊള്ളുന്ന കരാർ ഇന്ത്യയിലെ വസ്ത്രവ്യവസായം, രത്‌ന-ആഭരണ മേഖല, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ആഭ്യന്തര മേഖലകൾക്ക് വലിയ ഉണർവാകുമെന്ന് വിലയിരുത്തുന്നു.

കാറുകളിൽ തീരുവ കുറയും, പ്രതിരോധ സഹകരണവും

കരാറിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്ക് നിലവിലെ 110 ശതമാനം തീരുവ ഘട്ടംഘട്ടമായി 40 ശതമാനത്തിലേക്കും പിന്നീട് 10 ശതമാനത്തിലേക്കും കുറയ്ക്കും. സ്റ്റീൽ, വസ്ത്ര കയറ്റുമതി മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കും. സാമ്പത്തിക-നിയമ സേവനങ്ങളിലും സർക്കാർ വാങ്ങലുകളിലും യൂറോപ്യൻ യൂണിയന് കൂടുതൽ പ്രവേശനം ലഭിക്കും.

ഇതോടൊപ്പം പ്രതിരോധ സഹകരണ ചട്ടക്കൂടും തന്ത്രപ്രധാന അജണ്ടയും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യ വ്യാപാരം 400 ബില്യൺ ഡോളറിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.

അമേരിക്കയിലും ചൈനയിലും നിന്നുള്ള ആശ്രിതത്വം കുറച്ച് മറ്റ് മേഖലകളുമായി സാമ്പത്തിക-നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള യൂറോപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് ഇന്ത്യയുമായുള്ള ഈ പുതിയ പങ്കാളിത്തം.