ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായിരിക്കെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
സുരക്ഷ വെല്ലുവിളികള്‍ കണക്കിലെടുത്ത് അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ മേഖലയിലെ സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ ചരക്കുനീക്കം ചെലവേറിയതും ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പ്രയാസമേറിയതുമായിട്ടുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. സംഘര്‍ഷബാധിത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജ് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള റീ ഇന്‍ഷുറന്‍സ് സംവിധാനം വന്‍ സാമ്പത്തിക നഷ്ടം നികത്താന്‍ സഹായിക്കും. 2022ലെ റഷ്യ- യുക്രെയ്ന്‍ യുദ്ധകാലത്ത് ജി ഐ സി റെ നിയന്ത്രണത്തില്‍ രൂപീകരിച്ച മറൈന്‍ കാര്‍ഗോ എക്‌സ്‌ക്ലൂഡഡ് ടെറിട്ടറി പൂള്‍ എന്ന ഇന്‍ഷുറന്‍സ് മാതൃകയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതുവഴി അപകടസാധ്യതയുള്ള മേഖലയിലൂടെയുള്ള ചരക്കുനീക്കത്തിന് 484 കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിവരുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ജി ഐ സി റെ തന്നെയായിരിക്കും പുതിയ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകള്‍ക്ക് പുറമെ സാധാരണ കപ്പലുകള്‍ക്കും ലഭ്യമാകുന്നതരത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
