കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ്

കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ്


ന്യൂഡല്‍ഹി: കേരളത്തിനൊപ്പം അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ വോട്ടര്‍മാരും വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തും. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. എന്‍ ഡി എ ഹാട്രിക് ജയവും കോണ്‍ഗ്രസ് തിരിച്ചുവരവും ആഗ്രഹിക്കുന്ന അസമില്‍ 126 മണ്ഡലങ്ങളിലേക്കും വ്യാഴാഴാച ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.

722 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 35 ജില്ലകളിലായി 31940 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. രണ്ടരക്കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1.25 കോടി പേര്‍ സ്ത്രീകളാണ്. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി.

പുതുച്ചേരിയില്‍ മാഹി ഉള്‍പ്പെടെ 30 മണ്ഡലങ്ങളിലും വ്യാഴാഴ്ച ഒറ്റഘട്ടമായാണു വോട്ടെടുപ്പ് നടക്കുന്നത്. 294 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പെട്ട എന്‍ ഡി എ ഭരണത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണുള്ളത്.