ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വൈറലായ 'ബര്‍ഗര്‍ വീഡിയോ' വിവാദത്തെ തുടര്‍ന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) വക്താവ് വിജയേത ദഹിയയെ സ്ഥാനത്തുനിന്ന് നീക്കി. ഡല്‍ഹി പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച പാര്‍ട്ടി നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരും പാര്‍ട്ടി സംഘവും പൊലീസ് അതിക്രമം നേരിടുന്നതിനിടെയാണ് ദഹിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ നടപടി 'അത്യന്തം അപലപനീയമാണെന്ന്' പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ദഹിയയുടെ പെരുമാറ്റം 'സ്വീകാര്യമല്ലാത്തതും ഗുരുതരമായ വിവേകക്കുറവ് പ്രകടിപ്പിക്കുന്നതുമാണ്' എന്ന് സി ജെ പി വിമര്‍ശിച്ചു. ഇത്തരം നടപടി പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും പൂര്‍ണമായും വിരുദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജയേത ദഹിയയെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും അദ്ദേഹത്തെ എല്ലാ ഔദ്യോഗിക ചുമതലകളില്‍നിന്നും ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് പാര്‍ട്ടി അറിയിച്ചു.
വിവാദത്തിന് കാരണമായ വീഡിയോയില്‍, പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പൊലീസ് നടപടിയെ നേരിടുന്നതിനിടെ ദഹിയ ബര്‍ഗര്‍ കഴിക്കുന്നതായി ആരോപിക്കപ്പെടുന്നു. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയ വിജയേത ദഹിയ പ്രതിഷേധത്തിനിടെ ഭക്ഷണം കഴിച്ചതിനെ ന്യായീകരിച്ചു. വിശന്നതിനാലാണ് ബര്‍ഗര്‍ കഴിച്ചതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ വിമര്‍ശകര്‍ കാണാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ എന്തുകൊണ്ടാണ് ബര്‍ഗര്‍ കഴിച്ചതെന്നാണ് ഇപ്പോള്‍ വലിയ ചര്‍ച്ച. വിശന്നാല്‍ ആളുകള്‍ ബര്‍ഗര്‍ കഴിക്കും. എനിക്കും വിശന്നിരുന്നു. നല്ല ഭക്ഷണം കഴിച്ചാല്‍ മനസ്സിനും ആശ്വാസം ലഭിക്കും,' അദ്ദേഹം പറഞ്ഞു.
സാമൂഹിക വിഷയങ്ങളില്‍ താത്പര്യമില്ലാത്തവര്‍ ബര്‍ഗര്‍ കഴിക്കുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും എന്നാല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രതിഷേധക്കാരന്‍ ബര്‍ഗര്‍ കഴിച്ചാല്‍ അതിനെ വിമര്‍ശിക്കുന്നതാണ് സംഭവിക്കുന്നതെന്നും ദഹിയ ആരോപിച്ചു.
തുടര്‍ച്ചയായി രണ്ട് രാത്രിയായി താനും മറ്റ് പ്രതിഷേധക്കാരും ഉറങ്ങിയിട്ടില്ലെന്നും ശാരീരികവും മാനസികവുമായ വലിയ സമ്മര്‍ദത്തിനിടെയാണ് പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പ്രതിഷേധക്കാരെ വിമര്‍ശിക്കരുതെന്നും ദഹിയ കൂട്ടിച്ചേര്‍ത്തു.
