ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആയി മേയ് 10ന് സത്യപ്രതിജ്ഞ ചെയ്ത നടനും രാഷ്ട്രീയ നേതാവുമായ വിജയ് നിയമസഭയിലെ നിർണായക വിശ്വാസവോട്ടെടുപ്പിൽ വിജയം നേടി. ഡിഎംകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും സഭയിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തതോടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് അനായാസ ജയം ലഭിച്ചു.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് പിന്മാറിയതോടെ ആകെ അംഗസംഖ്യ 174 ആയി കുറഞ്ഞു. ഇതോടെ ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യ 87 ആയി മാറി. വോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി 144 വോട്ടുകൾ ലഭിച്ചതായാണ് വിവരം. ഇതോടെ ടിവികെയ്ക്ക് പുറമെ മറ്റു കക്ഷികളിൽ നിന്നുമുള്ള പിന്തുണയും വിജയ് സർക്കാരിന് ലഭിച്ചതായി വിലയിരുത്തപ്പെടുന്നു.
സഭയിൽ സംസാരിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പുതിയ സർക്കാരിന് തടസ്സം സൃഷ്ടിക്കാനില്ലെന്ന് വ്യക്തമാക്കി. 'ഞങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണ്,' എന്ന് പ്രഖ്യാപിച്ച ശേഷമാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. മുൻ ഡിഎംകെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന് അദ്ദേഹം വിജയിനോട് അഭ്യർഥിക്കുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി അടക്കമുള്ള പദ്ധതികൾ തുടരണമെന്ന് മുൻ മുഖ്യമന്ത്രി എംകെ. സ്റ്റാലിനും ആവശ്യപ്പെട്ടു.
അതേസമയം, എഐഎഡിഎംകെ നിയമസഭയിൽ ടിവികെ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നത വോട്ടെടുപ്പിൽ പ്രകടമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എഐഎഡിഎംകെ രണ്ട് വിഭാഗങ്ങളായി പിളർന്നിരിക്കുകയാണ്. സി.വെ ഷണ്മുഗം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 47 എംഎൽഎമാരിൽ 30 പേരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം.
വിശ്വാസവോട്ടിൽ ടിവികെയ്ക്ക് ലഭിച്ച അധിക വോട്ടുകൾ എഐഎഡിഎംകെയിലെ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എഐഎഡിഎംകെയിലെ ഒരു വിഭാഗം, തിരഞ്ഞെടുപ്പിന് ശേഷം വിജയിനെ അധികാരത്തിൽ നിന്ന് അകറ്റാൻ ഡിഎംകെയുമായി ധാരണയ്ക്ക് ശ്രമിച്ചുവെന്നാരോപിച്ച് ഇപിഎസിനെതിരെ തുറന്നടിച്ചു.
തമിഴ്‌നാട്ടിൽ ദീർഘകാലമായി നിലനിന്നിരുന്ന ഡിഎംകെ-എഐഎഡിഎംകെ ആധിപത്യത്തിന് വിരാമമിട്ടാണ് വിജയിയുടെ ടിവികെ അധികാരത്തിലെത്തിയത്. 234 അംഗ സഭയിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റ് കുറവുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഒരാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.
വിശ്വാസവോട്ടിൽ വിജയ് സർക്കാർ വിജയിച്ചു; വോട്ടെടുപ്പിൽ നിന്ന് ഡിഎംകെ പിന്മാറി, എഐഎഡിഎംകെയിൽ ഭിന്നത പുറത്ത്
