നോയിഡ: നോയിഡയിലെ സെക്ടര്‍ 107-ല്‍ ലോക്കുചെയ്ത നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ 32കാരനായ പുരുഷനും 26കാരിയായ യുവതിയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സെക്ടര്‍ 107-ലെ ദാദ്രി റോഡില്‍ പില്ലര്‍ നമ്പര്‍ 84ന് സമീപം സംശയാസ്പദമായി പാര്‍ക്ക് ചെയ്തിരുന്ന കാറിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
പുരുഷന്റെ കൈയില്‍ ഒരു പിസ്റ്റള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ആത്മഹത്യയായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചത്. മരിച്ചവര്‍ ഡല്‍ഹിയിലെ ത്രിലോക്പുരി സ്വദേശിയായ സുമിത് (32), നോയിഡ സെക്ടര്‍ 101-ലെ സാലര്‍പൂര്‍ സ്വദേശിയായ രേഖ (26) ആണെന്നും തിരിച്ചറിഞ്ഞു. വാലന്റൈന്‍സ് ഡേ ദിവസം മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്ക പടര്‍ന്നു.
പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പ്രകാരം സുമിത് ആദ്യം കാറിനുള്ളില്‍ രേഖയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ചതാണെന്നാണ് സംശയം.
15 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് മറ്റൊരാളുമായി വിവാഹിതയാകാനിരിക്കുകയാണെന്ന് അറിഞ്ഞതായും രേഖപ്പെടുത്തിയ ഒരു കുറിപ്പ് യുവാവ് എഴുതിയത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
