ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ലിസ് എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ഇന്ത്യയിലെ ചികിത്സാ സംവിധാനത്തെ കുറിച്ച് തമാശ കലർന്ന രീതിയിലാണ് അനുഭവം പങ്കുവെച്ചത്.
തുടക്കത്തിൽ ഈ രീതി 'വളരെ അസ്വസ്ഥമാക്കുന്നതാണ്' എന്ന് പറഞ്ഞെങ്കിലും പിന്നീട് അതിന്റെ യഥാർത്ഥ അർത്ഥം അവർ വ്യക്തമാക്കി. ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കുന്നത് അതിവേഗത്തിലും എളുപ്പവുമാണെന്ന് ലിസ് പറഞ്ഞു. നേരിട്ട് ആശുപത്രിയിൽ പോയാൽ അതേ ദിവസം തന്നെ ഡോക്ടറെ കാണാനും പരിശോധനകൾ പൂർത്തിയാക്കാനും കഴിയുന്നുവെന്നും ചെലവും വളരെ കുറഞ്ഞതാണെന്നും അവൾ വ്യക്തമാക്കി.
അമേരിക്കയിലെ സാഹചര്യം ഇതുമായി താരതമ്യം ചെയ്ത് ലിസ് വിമർശിച്ചു. അവിടെ ഒരു ഡോക്ടറെ കാണാൻ മാസങ്ങൾക്കു മുമ്പേ അപ്പോയിൻമെന്റ് എടുക്കണമെന്നും ആയിരക്കണക്കിനു ഡോളർ ചെലവഴിക്കണമെന്നും പല ക്ലിനിക്കുകളുമായി ബന്ധപ്പെടേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി. 'ഇന്ത്യയിൽ ഇതെല്ലാം ഒരേ ദിവസം തന്നെ സംഭവിക്കുന്നുവെന്നും ചെലവ് വളരെ കുറവാണ് '' എന്നും അവർ പറയുന്നു.
വീഡിയോയ്ക്ക് കീഴിൽ നിരവധി പേർ അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. വീട്ടിൽ തന്നെ രക്തപരിശോധന നടത്താൻ കഴിയുന്നതായി ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ, രക്തപരിശോധനയും എക്‌സ് റേയും അതേ ദിവസം റിപ്പോർട്ടോടെ ലഭിച്ചതായി പറഞ്ഞു. ചില സ്ഥലങ്ങളിൽ എംആർഐ, സി.ടി സ്‌കാൻ, എക്‌സ് റേ തുടങ്ങിയ പരിശോധനകൾ സൗജന്യമായി ലഭിക്കുന്നുണ്ടെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വേഗത്തിലുള്ളതും ചെലവ് കുറഞ്ഞതുമായ ചികിത്സയെ പ്രശംസിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ
