ചബഹാറിന് സമീപം യുഎസ് ആക്രമണം; ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖ പദ്ധതിക്കും ആശങ്ക

ചബഹാറിന് സമീപം യുഎസ് ആക്രമണം; ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖ പദ്ധതിക്കും ആശങ്ക


പാക്കിസ്ഥാന്റെ അതിർത്തിക്കു സമീപമുള്ള ഇറാനിലെ ചബഹാർ മേഖലയ്ക്ക് സമീപം യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്. സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലെ ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അടുത്തുള്ള ഇറാന്റെ സൈനിക താവളങ്ങളെയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്.

ഇറാന്റെ സമ്പദ്‌വ്യവസ്ഥക്കും വ്യാപാര പ്രവർത്തനങ്ങൾക്കും നിർണായക കേന്ദ്രങ്ങളിലൊന്നായ ചബഹാർ സ്വതന്ത്ര വ്യാപാര മേഖല 1992ലാണ് സ്ഥാപിച്ചത്. വിദേശ നിക്ഷേപം ആകർഷിക്കാനും ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന പരമ്പരാഗത ചരക്കുപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ മേഖല രൂപീകരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് കടക്കാനുള്ള ഇറാന്റെ പ്രധാന കവാടവുമാണ് ചബഹാർ.

ഇതിനോടടുത്താണ് ഇന്ത്യ വൻ നിക്ഷേപത്തോടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ചബഹാർ തുറമുഖം. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, കൂടാതെ മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വ്യാപാരത്തിനും ഗതാഗതത്തിനും ഇന്ത്യയ്ക്ക് തന്ത്രപരമായ വഴിയൊരുക്കുന്നതാണ് ഈ തുറമുഖ പദ്ധതി. ഇതുവഴി റഷ്യയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ചരക്കുപാതകൾ തുറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ശതകോടികളുടെ നിക്ഷേപത്തോടെയാണ് ഇന്ത്യ ചബഹാർ തുറമുഖം വികസിപ്പിക്കുന്നത്. എന്നാൽ ഇറാനെതിരേ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ അടുത്തിടെ അമേരിക്ക ഈ പദ്ധതിയിലും ബാധകമാക്കിയിരുന്നു. തുടർന്ന് ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ച് അമേരിക്ക കുറച്ച് ആഴ്ചകളുടെ ഇളവ് അനുവദിച്ചിരുന്നു.

ഈ ഇളവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആക്രമണം ശക്തമാക്കി. ഇപ്പോൾ ചബഹാറിന് സമീപം യുഎസ് ബോംബാക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇന്ത്യയ്ക്കും ആശങ്ക ഉയർത്തുന്നതാണ്. പ്രദേശത്ത് വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.