ന്യൂഡൽഹി: ആഗോള വിതരണശൃംഖലകളുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെടാനും വിദേശ നിക്ഷേപം ആകർഷിക്കാനും ഇന്ത്യ ശ്രമിക്കുന്നതിനിടെ, രാജ്യത്തിന്റെ വ്യാപാരനയത്തിനെതിരെ ശക്തമായ വിമർശനവുമായി അമേരിക്കയും യൂറോപ്യൻ യൂണിയനും. ഇന്ത്യയുടെ എട്ടാമത് വ്യാപാരനയ അവലോകനത്തിനിടെ ലോക വ്യാപാര സംഘടനയിൽ (WTO) ഉയർന്ന വിമർശനങ്ങൾ, ഇറക്കുമതി തീരുവകൾക്കപ്പുറം ഇന്ത്യയുടെ സാങ്കേതിക നിയന്ത്രണങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും സേവനമേഖലയിലെ നിയന്ത്രണങ്ങളും ഡിജിറ്റൽ വ്യാപാരനയവും ആഗോള വ്യാപാര പങ്കാളികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണ്.
ഉയർന്ന ഇറക്കുമതി തീരുവകൾ മാത്രമല്ല; 'നോൺതാരിഫ് ബാരിയേഴ്‌സ്' അഥവാ തീരുവയല്ലാത്ത വ്യാപാരതടസ്സങ്ങളുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളായ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രധാനമായും ചൂണ്ടിക്കാട്ടിയത് . സാനിറ്ററി, ഫൈറ്റോസാനിറ്ററി (SPS) മാനദണ്ഡങ്ങൾ, സാങ്കേതിക വ്യാപാരതടസ്സങ്ങൾ (TBT), ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ (QCO), സേവന ഡിജിറ്റൽ വ്യാപാര നിയന്ത്രണങ്ങൾ, പ്രാദേശിക ഉൽപ്പാദന ഘടകങ്ങൾ നിർബന്ധമാക്കുന്ന നയങ്ങൾ, സർക്കാർ സംഭരണത്തിലെ വിദേശ കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് പ്രധാനമായും വിമർശിക്കപ്പെട്ടത്.
തീരുവ കുറച്ചാൽ മാത്രം വിപണി തുറക്കുമോ?
ഇന്ത്യയുടെ വ്യാപാരനയത്തെക്കുറിച്ചുള്ള അമേരിക്കൻ വിമർശനത്തിന്റെ കാതൽ ഇതാണ്. ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ കൂടുതൽ സുതാര്യമായ വ്യാപാര അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അതിനൊപ്പം ആഭ്യന്തര നിയന്ത്രണങ്ങൾ വിദേശ ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കും സൃഷ്ടിക്കുന്ന അധിക ചെലവും സങ്കീർണതയും കുറയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
പ്രത്യേകിച്ച് ഐസിടി ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ വിദേശ കയറ്റുമതിക്കാർക്ക് അധിക പരിശോധനയും സർട്ടിഫിക്കേഷനും ആവശ്യമായി വരുന്നതായി അമേരിക്ക ചൂണ്ടിക്കാട്ടി.
ഇതോടെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വ്യക്തമാണ്: 'മെയ്ഡ് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുമ്പോൾ ആഗോള വിതരണശൃംഖലയിൽ ഇന്ത്യയെ കൂടുതൽ മത്സരക്ഷമമാക്കുന്നത് എങ്ങനെ?
ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് ഒരു രാജ്യത്തിന്റെ അവകാശമാണ്. എന്നാൽ അവ അന്താരാഷ്ട്ര മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമാകുകയും വിദേശ ഉൽപ്പന്നങ്ങൾക്ക് അധിക പരിശോധനകളും ചെലവുകളും ഉണ്ടാക്കുകയും ചെയ്താൽ, അതേ നയം ഒരു പരോക്ഷ വ്യാപാരതടസ്സമായി മാറാനുള്ള സാധ്യതയുണ്ട്.
ക്യു സി ഒ കൾ: ഗുണനിലവാര സംരക്ഷണമോ വിപണി സംരക്ഷണമോ?
യൂറോപ്യൻ യൂണിയൻ പ്രത്യേകമായി വിമർശിച്ച വിഷയമാണ് ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ. ആഭ്യന്തര മാനദണ്ഡങ്ങളിൽ അധിഷ്ഠിതമായ കർശനമായ 'ഉൽപ്പന്നങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള സങ്കീർണമായ പരിശോധനകളും സർട്ടിഫിക്കേഷൻ നടപടികളും' അന്താരാഷ്ട്ര മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമാകുമ്പോൾ വിദേശ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് യൂറോപ്യൻ യൂണിയന്റെ വാദം.
ഉപഭോക്തൃസുരക്ഷയും ഉൽപ്പന്നഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ അനിവാര്യമാണ്. പക്ഷേ അതേ നിയന്ത്രണങ്ങൾ വിദേശ ഉൽപ്പന്നങ്ങളെ ഒഴിവാക്കാനുള്ള ഉപാധിയായി മാറരുത്. ഇതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള അടിസ്ഥാന നയചോദ്യം.
ക്യു സി ഒകളുമായി ബന്ധപ്പെട്ട് നീതി ആയോഗിന്റെ (NITI Aayog) ഉന്നതതല സമിതി നൽകിയ ശുപാർശകൾ നടപ്പാക്കാനുള്ള പരിഷ്‌കാരനടപടികൾ ഇന്ത്യ ആരംഭിച്ചതായി യൂറോപ്യൻ യൂണിയൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ വിമർശനത്തിനൊപ്പം പരിഹാരത്തിനുള്ള ഒരു വഴിയും തുറന്നുകിടക്കുകയാണ്.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് അടുത്ത പോരാട്ടഭൂമി
വ്യാപാരതർക്കം പരമ്പരാഗത ഉൽപ്പന്നങ്ങളിൽ ഒതുങ്ങുന്നില്ലെന്നതാണ് അമേരിക്കയുടെ മറ്റൊരു പ്രധാന വിമർശനം. ഇലക്ട്രോണിക് പേയ്‌മെന്റുകൾ, റീട്ടെയിൽ, ഇകൊമേഴ്‌സ് തുടങ്ങിയ മേഖലകളിലെ നിയന്ത്രണങ്ങൾ വിദേശ കമ്പനികൾക്ക് തുല്യമായ മത്സരാവകാശം നൽകുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.
ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപപ്പെടുന്ന ഘട്ടത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളിയും ഇതുതന്നെ. പൗരന്മാരുടെ ഡാറ്റ സംരക്ഷിക്കുന്നതിനൊപ്പം അതിർത്തി കടന്നുള്ള ഡാറ്റാ പ്രവാഹത്തിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
ഇവിടെ ഇന്ത്യയുടെ നിലപാടും വ്യക്തമാണ്: ഡേറ്റാ സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഡിജിറ്റൽ വ്യാപാരത്തിന്റെ വളർച്ച. അതേസമയം, അമിതമായ ഡേറ്റാ ലോക്കലൈസേഷൻ വിദേശ നിക്ഷേപത്തിനും ഡിജിറ്റൽ സേവന വ്യാപാരത്തിനും തടസ്സമാകുമെന്ന ആശങ്കയും പരിഗണിക്കേണ്ടിവരും.
'മേക്ക് ഇൻ ഇന്ത്യ'യും ആഗോള വിതരണശൃംഖലയും തമ്മിലെ തുലനം
പ്രാദേശിക ഉള്ളടക്ക നിർബന്ധങ്ങൾക്കെതിരെയും അമേരിക്ക രംഗത്തെത്തി. ഐസി ടി ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ ഇത്തരം നയങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
ഇന്ത്യയുടെ വ്യവസായനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയും രാജ്യത്തെ ആഗോള ഉൽപ്പാദനകേന്ദ്രമാക്കുകയുമാണ്. എന്നാൽ അതിനായി ഇറക്കുമതിയെ അമിതമായി നിയന്ത്രിച്ചാൽ ആഗോള വിതരണശൃംഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം തന്നെ പരിമിതപ്പെടാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് സംരക്ഷണവും തുറന്ന വ്യാപാരവും തമ്മിലുള്ള ശരിയായ സന്തുലനം കണ്ടെത്തുകയാണ് ഇന്ത്യയുടെ മുന്നിലുള്ള വലിയ നയപരീക്ഷണം.
സ്വതന്ത്ര വ്യാപാര കരാറുകൾ: അടുത്ത പരീക്ഷണം നടപ്പാക്കലിൽ
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, ലോക വ്യാപാര സംഘടന വേദിയിലെ ഈ വിമർശനങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. കരാറിൽ നോൺതാരിഫ് വ്യാപാരതടസ്സങ്ങൾ സംബന്ധിച്ച് ഉയർന്ന നിലവാരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവ യാഥാർഥ്യത്തിൽ നടപ്പാക്കുകയാണ് നിർണായകമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു.
അതായത്, കരാറിൽ ഒപ്പിടുന്നതിനെക്കാൾ അതിലെ വ്യവസ്ഥകൾ ഇന്ത്യയിലെ വിപണിയിൽ എങ്ങനെ നടപ്പാക്കുന്നു എന്നതാകും യഥാർഥ പരീക്ഷണം.
ഇന്ത്യയ്ക്ക് ഒരേസമയം ആഭ്യന്തര വ്യവസായത്തെയും ഉപഭോക്താക്കളെയും സംരക്ഷിക്കേണ്ടതുണ്ട്; കൂടാതെ വിദേശ നിക്ഷേപവും കയറ്റുമതിയും വർധിപ്പിച്ച് ആഗോള വിതരണശൃംഖലയിൽ വലിയ പങ്കാളിയാകുകയും വേണം. ഈ രണ്ട് ലക്ഷ്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടാകുന്നിടത്താണ് വ്യാപാരനയത്തിന്റെ സങ്കീർണത.
ലോക വ്യാപാര സംഘടന വേദിയിലെ വിമർശനം ഇന്ത്യയ്ക്ക് മുന്നറിയിപ്പോ അവസരമോ?
ലോക വ്യാപാര സംഘടനയുടെ വ്യാപാരനയ അവലോകനം ഒരു രാജ്യത്തെ ശിക്ഷിക്കുന്ന സംവിധാനമല്ല; അംഗരാജ്യങ്ങൾ പരസ്പരം വ്യാപാരനയങ്ങളെ പരിശോധിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സംവിധാനമാണ്. അതിനാൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും വിമർശനങ്ങളെ ഉടൻതന്നെ ഇന്ത്യയ്‌ക്കെതിരായ വ്യാപാരനടപടിയായി കാണേണ്ടതില്ല.
എന്നാൽ ഒരേ സമയം രണ്ട് പ്രധാന വ്യാപാര പങ്കാളികൾ സമാനമായ മേഖലകളിൽ ആശങ്ക പ്രകടിപ്പിക്കുന്നത് ഇന്ത്യയ്ക്ക് ഗൗരവമായി പരിഗണിക്കേണ്ട സന്ദേശമാണ്.
ആഭ്യന്തര നിലവാരങ്ങളും പൊതുജനാരോഗ്യവും പരിസ്ഥിതിയും ഡേറ്റാ സുരക്ഷയും സംരക്ഷിച്ചുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ കൂടുതൽ സുതാര്യവും പ്രവചനാത്മകവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതുമാക്കുക എന്നതാണ് മുന്നോട്ടുള്ള വഴി.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, വിപണി തുറക്കുന്നത് തീരുവ കുറയ്ക്കുന്നതിലൂടെ മാത്രം സാധ്യമാകില്ല. നിയന്ത്രണങ്ങളുടെ വാതിലുകളും വിദേശ വ്യാപാരത്തിനായി എത്രത്തോളം തുറന്നിരിക്കുന്നു എന്നതാണ് ഇനി നിർണായകം.
തീരുവകൾ മാത്രം പോര; ഇന്ത്യയുടെ വ്യാപാരവാതിലുകൾക്ക് മുന്നിൽ 'നോൺതാരിഫ്' തടസ്സങ്ങളും: ശക്തമായ വിമർശനവുമായി അമേരിക്കയും യൂറോപ്യൻ യൂണിയനും
