അദാനി കുറ്റവിമുക്തൻ; എല്ലാ കേസുകളും ഒഴിവാക്കി യു.എസ്

അദാനി കുറ്റവിമുക്തൻ; എല്ലാ കേസുകളും ഒഴിവാക്കി യു.എസ്


ന്യൂഡൽഹി/ ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരനായ ​ഗൗതം അദാനി, അനന്തിരവൻ സാ​ഗർ അദാനി എന്നിവർക്കെതിരേയുള്ള എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും യു.എസ് നീതിന്യായ വകുപ്പ് ഒഴിവാക്കി. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന തട്ടിപ്പ്, വഞ്ചന കേസുകളാണ് എന്നെന്നേക്കുമായി റദ്ദാക്കിയത്. കുറ്റാരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകളില്ലെന്ന് യു.എസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. 

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി രാജ്യത്തെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇത് മറച്ചുവെച്ച് യു.എസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും 3 ബില്യൺ ഡോളറിലധികം സമാഹരിച്ച് വഞ്ചിച്ചെന്നായിരുന്നു കേസ്. ​ഗൗതം അദാനി, സാ​ഗർ അദാനി, അദാനി ​ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരേ യു.എസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനും പ്രമുഖ നിയമസ്ഥാപനമായ സള്ളിവൻ ആൻഡ് ക്രോംവെൽ സഹ അദ്ധ്യക്ഷനുമായ റോബർട്ട്.ജെ.​ഗിയൂഫ്രിയെ അദാനി കേസ് ഏൽപ്പിച്ചതിന് പിന്നാലെ നടത്തിയ നിർണായക നീക്കങ്ങളിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. കേസ് ഒഴിവാക്കുകയാണെങ്കിൽ 10 ബില്യൺ ഡോളർ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ അദാനി നിക്ഷേപിക്കുമെന്നും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ വാ​ഗ്ദാനം ചെയ്തിരുന്നു. 

ഇത് കൂടാതെ, യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ 2024 നവംബറിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസിൽ 18 ബില്യൺ ഡോളർ പിഴയൊടുക്കി ഒത്തുതീർപ്പാക്കിയതായും യു.എസ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.