ഡല്‍ഹിയിലെ തടങ്കലുകളില്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയിലെ തടങ്കലുകളില്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യയിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്ന സുരക്ഷാസേനയുടെ നീക്കം, അന്യായമായ തടങ്കല്‍, അമിതമായ ബലപ്രയോഗം എന്നിവ ആവര്‍ത്തിക്കുന്നതായി ആരോപിച്ച് ആറ് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് കത്തയച്ചു. റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വെള്ളിയാഴ്ച് കത്തയച്ചത്.

വിഷയത്തില്‍ സമഗ്രവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടു. പ്രമീള ജയപാല്‍, ജെയിംസ് പി മക്ഗവേണ്‍, ജീസസ് ജി 'ചുയ്' ഗാര്‍സിയ, എലീനര്‍ ഹോംസ് നോര്‍ട്ടണ്‍, ഇല്‍ഹാന്‍ ഒമര്‍, റഷീദ ത്‌ലൈബ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചത്.

ഇന്ത്യയിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രമീള ജയപാല്‍ നേരത്തേ നടത്തിയ പരാമര്‍ശങ്ങളെ ന്യൂഡല്‍ഹി തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം. മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടികളിലുള്ള അനാവശ്യ ഇടപെടലാണ് ജയപാലിന്റെ പരാമര്‍ശങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

തടങ്കലുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കു പുറമേ, അമേരിക്കന്‍ മണ്ണില്‍ മൗലികാവകാശങ്ങള്‍ വിനിയോഗിക്കുന്ന വ്യക്തികളെ നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സംശയിക്കുന്ന സംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും ജോലി ചെയ്യുന്നവരോ അവരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നവരോ ഇത്തരം നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം.


ഇന്ത്യയിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) നടപടിയെയും യു എസ് നിയമനിര്‍മാതാക്കള്‍ ചോദ്യം ചെയ്തു. നടപടിക്രമങ്ങളില്‍ സുതാര്യതയില്ലായിരുന്നുവെന്നാണ് അവരുടെ ആരോപണം. പ്രതിഷേധങ്ങളെ നേരിടുന്നതില്‍ നിയമപാലകര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അവര്‍ റൂബിയോയോട് നിര്‍ദേശിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും വിനിയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ നിയമത്തിനും അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമായി തടങ്കലിലാക്കിയിട്ടുള്ളവരെ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് 13 കോടി പേരുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച ജയപാല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെന്നൈയില്‍ ജനിച്ച ജയപാല്‍ 1982-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. വോട്ടര്‍പട്ടികയില്‍നിന്ന് 13 കോടി പേരെ ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്ന് അവര്‍ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ജനാധിപത്യ രാജ്യത്ത് വോട്ടവകാശം ദുര്‍ബലപ്പെടുത്താന്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്ക് സമാനമായ രീതിയാണ് ഇന്ത്യയിലും കാണുന്നതെന്നും ജയപാല്‍ ആരോപിച്ചു.

പതിവ് മാധ്യമ സമ്മേളനത്തില്‍ ജയപാലിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, അവ അടിസ്ഥാനരഹിതവും വേണ്ടത്ര വിവരങ്ങളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് പറഞ്ഞു. മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സമീപനം ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ജയ്സ്വാള്‍ പറഞ്ഞു.

വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ച് ഇന്ത്യയില്‍ യുവാക്കളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിക്കുന്നതിനിടെയാണ് ജയപാലിന്റെ പ്രസ്താവനകള്‍ പുറത്തുവന്നത്.