ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി. പേപ്പർ ചോർച്ചയിലേക്ക് നയിച്ച ഗുരുതരമായ വീഴ്ചകളിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നമ്മുടെ യുവാക്കളെ ഒരു തരത്തിലും നിരാശപ്പെടുത്താൻ പാടില്ലെന്ന് ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനഃസംഘടിപ്പിക്കുകയോ കൂടുതൽ ശക്തവും സ്വതന്ത്രവുമായ മറ്റൊരു സംവിധാനത്തിന് ചുമതല നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. ഉത്തരവാദിയാരെന്ന് കൃത്യമായി നിശ്ചയിക്കണം. കൃത്യമായി പരീക്ഷ നടത്തുന്ന യു.പി.എസ്.സിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, ഹർജികൾ അടുത്ത ജൂലൈ രണ്ടാം വാരത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
അതേസമയം, യുവാക്കളുടെ ആശങ്കകളെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: വീഴ്ചകളിൽ കൃത്യമായ ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
