ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ മർച്ചൻ്റ് ഡിസ്‌ക്കൗണ്ട് നിരക്ക് (എംഡിആർ) ഏർപ്പെടുത്തുന്നത് നീട്ടി. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്നാണ് റിപ്പോർട്ട്. യുപിഐ ആൻഡ് സർവീസസ് സ്‌റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) എക്‌സ് പോസ്‌റ്റിലൂടെയാണ് പുറത്തുവിട്ടത്.
ഉത്സവ സീസൺ കൂടി കണക്കിലെടുത്താണ് എൻപിസിഐ ഈ തീരുമാനം കൈക്കൊണ്ടതെന്നും നടപ്പാക്കൽ തീയതി പ്രത്യേകം അറിയിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോസസ് ചെയ്യുന്നതിന് വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. നിർദ്ദിഷ്‌ട നീക്കം തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇത് ബാധകമാകൂ. എന്നിരുന്നാലും ഏതൊക്കെ വിഭാഗങ്ങളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് ഈടാക്കുന്നതെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടില്ല.
പുതിയ ചട്ടക്കൂട് പ്രകാരം 2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ പെയ്‌മെൻ്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾ ഇടപാട് മൂല്യത്തിൻ്റെ 0.4 ശതമാനം തുക ഫീസായി നൽകണം എന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചില വിഭാഗങ്ങളിലേയ്‌ക്കുള്ള പേയ്‌മെൻ്റുകൾ തുക കണക്കിലെടുക്കാതെ അഞ്ച് രൂപ ഫീസും ഈടാക്കും. 2007ലെ പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്‌റ്റംസ് ആക്‌ടിലെ സെക്ഷൻ 10 എ ഭേദഗതി ചെയ്‌തുകൊണ്ട് നിർദ്ദിഷ്‌ട ഡിജിറ്റൽ പേയ്‌മെൻ്റ് മോഡുകളിൽ നിരക്കുകൾ ഈടാക്കാൻ സർക്കാരിന് അധികാരം നൽകിക്കൊണ്ട് ഓഗസ്‌റ്റ് 11ന് പാർലമെൻ്റ് നികുതി, മറ്റ് ഭേദഗതി ബിൽ 2026 എന്നിവ പാസാക്കിയതിന് ശേഷമാണ് എംഡിആർ ചട്ടക്കൂട് വന്നത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ 2,000 ത്തിന് മുകളിലുള്ള യുപിഐ പേയ്‌മെൻ്റുകൾക്ക് രണ്ട് തരം ഫീസ് ബാധകമാകും. ആദ്യത്തേത് റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം എന്നിങ്ങനെ നാല് നിർദ്ദിഷ്‌ട വിഭാഗങ്ങളിലെ വ്യാപാരികൾക്കുള്ള പേയ്‌മെൻ്റുകൾക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ എന്ന നിരക്കിൽ ഫ്ലാറ്റ് എംഡിആർ ആണ്. രണ്ടാമത്തേത്, 2,000 ത്തിന് മുകളിലുള്ള വ്യക്തിഗത യുപിഐ പേയ്‌മെൻ്റുകൾക്ക് 0.4 ശതമാനം എംഡിആറും. ഇത് ഒരു ഇടപാടിന് പരമാവധി 300 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
2,000 ത്തിന് മുകളിലുള്ള യുപിഐ മർച്ചൻ്റ് ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെയും എൻപിസിഐയുടെയും തീരുമാനത്തിനെതിരെ രാജ്യത്തുടനീളം വ്യാപാരി സംഘടനകളിൽ നിന്നും രാഷ്ട്രീയ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് വ്യാപാരികൾക്ക് കടുത്ത നഷ്‌ടം വരുത്തുമെന്നാണ് അവർ വ്യക്തമാക്കുന്നത്.
വ്യാപാരികൾക്ക് ആശ്വാസം; യുപിഐ അധിക നിരക്കുകൾ ഉടനില്ല, ദീപാവലിക്ക് ശേഷമെന്ന് സൂചന
