ലഖ്‌നൗ:ഉത്തരപ്രദേശിലെ ബരാബങ്കി ജില്ലയിൽ ഐസ്‌ക്രീം വിൽപ്പനയെ ചുറ്റിപ്പറ്റിയ തർക്കം ക്രൂരമായ നരഹത്യയായി മാറി. 25 വയസുകാരനായ ഐസ്‌ക്രീം വിൽപ്പനക്കാരൻ ബബ്ലുവാണ് കൊല്ലപ്പെട്ടത്. 50 വയസുകാരനായ ശങ്കർ യാദവ് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വെട്ടി വീട്ടിലേക്ക് കൊണ്ടുപോയതും നാട്ടുകാരെ നടുക്കി.
ബബ്ലു പാഴ്‌സവൽ ഗ്രാമത്തിൽ ഐസ്‌ക്രീം വിൽക്കാനെത്തിയപ്പോഴാണ് ശങ്കർ യാദവുമായി തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമാകുകയും, യാദവ് അരിവാളുപയോഗിച്ച് ബബ്ലുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറഞ്ഞത്. കൊലപാതകത്തെ തുടർന്ന് തല വെട്ടി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
സംഭവം നടന്നതിന് ശേഷം യാതൊരു ആശങ്കയും കാണിക്കാതെ, വീട്ടിൽ പാചകം ചെയ്യുന്നതിനിടെ വെട്ടിയ തല സമീപത്ത് വെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. നാട്ടുകാരുടെ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തു.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്.
കുടുംബത്തിലെ ഏക ഉപജീവന മാർഗമായിരുന്ന ബബ്ലുവിന്റെ മരണത്തോടെ ഭാര്യയും രണ്ടു ചെറിയ കുട്ടികളും ദുരിതത്തിലായി.
ഐസ്‌ക്രീം വിൽപ്പന തർക്കം; യുവാവിനെ കൊന്ന് തല വെട്ടി വീട്ടിലേക്ക് കൊണ്ടുപോയ മധ്യവയസ്‌കൻ പടിയിൽ
