വിവാഹ വാഗ്ദാനം നിരസിച്ചതിന് കാനഡയില്‍ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന പ്രതി യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നിരസിച്ചതിന് കാനഡയില്‍ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന പ്രതി യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍


സംഗ്രൂര്‍: കാനഡയില്‍ പഞ്ചാബ് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖീരി സ്വദേശിയായ മന്‍പ്രീത് സിങ്ങിനെയാണ് സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യുവതിയെ കൊലപ്പെടുത്തിയതിനുശേഷം ഇന്ത്യിലേക്ക് കടന്ന പ്രതി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഗ്‌റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് കാനഡയിലെ ടൊറന്റോയില്‍ താമസിച്ചിരുന്ന 27 വയസ്സുകാരിയായ അമന്‍പ്രീത് കൗറിനെ കൊലപ്പെടുത്തിയ ശേഷം മന്‍പ്രീത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. അമന്‍പ്രീത് ആശുപത്രിയില്‍ പേഴ്‌സണല്‍ സപ്പോര്‍ട്ട് വര്‍ക്കറായി ജോലി ചെയ്തിരുന്നു. ജോലി സ്ഥലത്തേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന ടാക്‌സി ഡ്രൈവറായ മന്‍പ്രീത് വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയെങ്കിലും അമന്‍പ്രീത് അത് നിരസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അമന്‍പ്രീതിനെ ബന്ധപ്പെടാന്‍ കഴിയാതായതിനെ തുടര്‍ന്ന് സഹോദരി ഗുര്‍സിമ്രന്‍ കൗര്‍ കാനഡ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അമന്‍പ്രീതിയുടെ മൃതദേഹം നയാഗ്ര ഫാള്‍സിന് സമീപം കണ്ടെത്തിയതായി കാനഡ പൊലീസ് കുടുംബത്തെ അറിയിച്ചു. അന്വേഷണത്തില്‍ മന്‍പ്രീത് പ്രതിയാണെന്ന് സ്ഥിരീകരിക്കുകയും ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായും കണ്ടെത്തി.

ഇന്ത്യയിലെത്തിയ ശേഷം മന്‍പ്രീത് വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഗുര്‍സിമ്രനെ ബന്ധപ്പെടുകയും സംഗ്‌റൂരിലെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ ആയുധവുമായി വീട്ടില്‍ കയറി വന്ന പ്രതി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. തുടര്‍ന്ന് വീട്ടിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. നവംബര്‍ 30നും ജനുവരി 10നും രാത്രിയില്‍ ഇയാള്‍ വീണ്ടും വീട്ടിലെത്തി ക്യാമറകളുടെ ചിത്രങ്ങള്‍ എടുത്ത് കുടുംബത്തെ ഭീഷണിപ്പെടുത്തി.

അമന്‍പ്രീതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജനുവരി 14ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജനുവരി 15ന് മന്‍പ്രീതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.