ന്യൂഡല്‍ഹി: വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള മണ്ഡല പുനര്‍നിര്‍ണയ നടപടികളുടെ ഭാഗമായി ലോക്സഭാ സീറ്റുകള്‍ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വര്‍ധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിര്‍ദിഷ്ട ബില്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേ അനുപാതത്തില്‍ 50 ശതമാനം വര്‍ധിപ്പിക്കും. അതേസമയം, ജനസംഖ്യാടിസ്ഥാനത്തിലുള്ള നിലവിലെ പ്രാതിനിധ്യ അനുപാതത്തില്‍ 2051 വരെ മാറ്റമുണ്ടാകില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രിലില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമാന നീക്കം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ബില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുനരാരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിസഭാ തീരുമാനം. ബില്‍ പാസാക്കാനുള്ള ആവശ്യമായ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നവംബര്‍ 30 തിങ്കളാഴ്ച ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും സമ്മേളിക്കും. അത്യാവശ്യ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഡിസംബര്‍ മൂന്നോടെ ഇരുസഭകളുടെയും സമ്മേളനം അവസാനിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും മണ്‍സൂണ്‍ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നില്ല. ഇതാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പാര്‍ലമെന്റ് വീണ്ടും വിളിച്ചുചേര്‍ക്കാന്‍ വഴിയൊരുക്കിയത്.
