ആറ് മാസത്തിനകം ഏകീകൃത സിവില്‍ കോഡ്; 'ലവ് ജിഹാദ്', 'ലാന്‍ഡ് ജിഹാദ്' വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് സുവേന്ദു അധികാരി

ആറ് മാസത്തിനകം ഏകീകൃത സിവില്‍ കോഡ്; 'ലവ് ജിഹാദ്', 'ലാന്‍ഡ് ജിഹാദ്' വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് സുവേന്ദു അധികാരി


കൊല്‍ക്കത്ത: 'ലവ് ജിഹാദ്', 'ലാന്‍ഡ് ജിഹാദ്' എന്നിവയ്ക്കെതിരെ കര്‍ശന നിയമങ്ങള്‍ ആറുമാസത്തിനകം കൊണ്ടുവരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഞായറാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വഹിന്ദു പരിഷത്ത് (മുന്‍ അധ്യക്ഷന്‍ അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അധികാരി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഉത്തരാഖണ്ഡിന്റെയും ഗുജറാത്തിന്റെയും മാതൃക പശ്ചിമ ബംഗാളും പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

എകീകൃത സിവില്‍ കോഡ് കരട് പരിശോധിക്കുന്നതിനായി സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിവാഹം, വിവാഹമോചനം, അവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ ഏകീകരണം

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സമുദായങ്ങള്‍ക്ക് ബാധകമായ സിവില്‍ നിയമങ്ങളില്‍ ഏകീകരണം കൊണ്ടുവരികയാണ് നിര്‍ദിഷ്ട ബില്ലിന്റെ ലക്ഷ്യം. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യങ്ങള്‍, ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും അധികാരി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏകീകൃത സിവില്‍ നിയമങ്ങള്‍ ബാധകമാക്കുകയാണ് പശ്ചിമ ബംഗാള്‍ ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍.

സംസ്ഥാനത്ത് വിഭാവനം ചെയ്യുന്ന മതതീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അധികാരി പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനങ്ങളുടെ നിര്‍ദേശങ്ങളും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.