ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഭീകരസംഘടനാ നേതാക്കളെ ലക്ഷ്യമിട്ടുള്ള അജ്ഞാതരുടെ ആക്രമണം വീണ്ടും. നിരോധിത ഭീകരസംഘടനയായ അൽബദർയുടെ പ്രധാന ഓപ്പറേഷണൽ കമാൻഡറായ അർജ്മന്ദ് ഗുൽസാർ അഥവാ ബുർഹാൻ ഹംസയാണ് മുജഫറാബാദിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിൽ വ്യാപക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇയാളെ ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
2023 മുതൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ലഷ്‌കർ ഇ തയ്ബ, ജൈഷ് ഇ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളിലെ അൻപതിലധികം നേതാക്കൾ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
പുൽവാമ ജില്ലയിലെ രത്‌നിപോര സ്വദേശിയായിരുന്ന അർജ്മന്ദ് ഗുൽസാർ ഏഴ് വർഷം മുൻപാണ് പാകിസ്ഥാനിലേക്ക് കടന്നത്. പിന്നീട് അൽബദറിൽ ചേർന്ന ഇയാൾ സംഘടനയുടെ പ്രധാന കമാൻഡറായും വളർന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് കശ്മീരിൽ റിക്രൂട്ട്‌മെന്റ്, ധനശേഖരണം, ആയുധ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ പറയുന്നു.
ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം 2022ൽ ഗുൽസാറിനെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമയിലും തെക്കൻ കശ്മീരിലുമുള്ള യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയയും പ്രാദേശിക ശൃംഖലകളും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
പുൽവാമ, ഷോപിയാൻ, അവന്തിപോര മേഖലകളിൽ ഇയാളുടെ ശൃംഖല സജീവമായിരുന്നുവെന്നും പാകിസ്ഥാനിൽ നിന്ന് ഓവർഗ്രൗണ്ട് വർക്കർമാർ വഴി ആയുധങ്ങളും പണവും നിർദേശങ്ങളും എത്തിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഗ്രനേഡ് ആക്രമണങ്ങൾ, സ്‌ഫോടകവസ്തു കണ്ടെത്തൽ, ഭീകര റിക്രൂട്ട്‌മെന്റ് കേസുകൾ എന്നിവയിലും ഇയാളുടെ പേര് ഉയർന്നിരുന്നു.
പാക് അധീന കശ്മീരിലെ കേന്ദ്രങ്ങളിൽ നിന്ന് താഴ്വരയിൽ വീണ്ടും ഭീകരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സംഭവം വലിയ തിരിച്ചടിയാണെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്.
ഈ വർഷം ഏപ്രിലിൽ ലഷ്‌കർ ഇ തയ്ബ കമാൻഡറായ ഷെയ്ഖ് യൂസഫ് അഫ്രിദി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മാർച്ചിൽ ലാഹോറിൽ ലഷ്‌കർ സ്ഥാപകാംഗമായ അമീർ ഹംസക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
പാക് അധീന കശ്മീരിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; അൽബദർ കമാൻഡർ അർജ്മന്ദ് ഗുൽസാർ വെടിയേറ്റ് മരിച്ചു
