പൗരത്വഭേദഗതി നിയമപ്രകാരം 14 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

പൗരത്വഭേദഗതി നിയമപ്രകാരം 14 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി


ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമപ്രകാരം ബുധനാഴ്ച 14 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷ പ്രകാരമായിരുന്നു പൗരത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പൗരത്വം കൈമാറിയതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. 

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കാണ് സി എ എ പ്രകാരം പൗരത്വം നല്‍കുന്നത്.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇതു പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം. ഇതിനെതിരേ വിമര്‍ശനവും പ്രതിഷേധവും ശക്തമായിരുന്നുവെങ്കിലും നാലു വര്‍ഷങ്ങള്‍ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.