ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; 36000 രൂപ പിഴയൊടുക്കി തടിയൂരി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; 36000 രൂപ പിഴയൊടുക്കി തടിയൂരി


ലക്നൗ: ബന്ധുവിനെ യാത്രയാക്കാൻ കയറിയവർക്ക് കിട്ടിയത് എട്ടിന്റെ പണി. ഉത്തർപ്രദേശിലെ കാൺപുരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 12 മുതിർന്നവരും ഒരു കുട്ടിയുമടക്കം 13 പേർക്ക് റെയിൽവേ 36,140 രൂപ പിഴ ചുമത്തി. 

സംഭവം നടന്നത് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്. രാവിലെ 9.26ന് സ്റ്റേഷനില്‍ എത്തിയ വന്ദേഭാരതില്‍ ബന്ധുവിനെ യാത്രയാക്കാനായി 12 പേര്‍ എത്തി. കൃത്യം 4 മിനുട്ടിനിടെ ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിയപ്പോൾ ഇവര്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. താനേ അടയുന്ന ഓട്ടോമാറ്റിക് വാതിലുകള്‍ ഉള്ളതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘം കുടുങ്ങി. തുടര്‍ന്ന് ട്രെയിനിനുള്ളില്‍ ബഹളം വെച്ചു, വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ നല്ല വേഗത കൈവരിച്ചിരുന്നു. ഒടുവില്‍ റെയില്‍വേ അധികൃതര്‍ ഇടപെട്ട് വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത ഇറ്റാവ സ്റ്റേഷനില്‍ 10.50ഓടെ നിര്‍ത്തി 12 പേരെയും പുറത്തിറക്കി.

റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെയാണ് ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയതെന്ന് കണ്ടെത്തി. യാത്രാ ടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ എടുക്കാതെ സ്‌റ്റേഷനില്‍ പ്രവേശിച്ചതിനും വന്ദേഭാരതില്‍ കയറിയതിനും ഓരോരുത്തര്‍ക്കും 3,000 രൂപ വീതം, മൊത്തത്തില്‍ 36,000 രൂപ റെയില്‍വേ പിഴയിട്ടു. ഈ തുക അടച്ച ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്. കൂടെ തെറ്റ് ആവര്‍ത്തിക്കരുതെന്ന താക്കീതും നൽകി. 

ഇത്തരം യാത്രകൾക്ക് പിഴ ഈടാക്കാതിരിക്കാൻ കഴിയില്ലെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ്മ ചൂണ്ടിക്കാട്ടി. സാധുവായ യാത്രാ ടിക്കറ്റുള്ളവർ മാത്രമേ ട്രെയിനിൽ കയറാവൂ എന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരെ യാത്രയാക്കാൻ വരുന്നവർ നിർബന്ധമായും പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണം. ഒരു കാരണവശാലും ട്രെയിനിനുള്ളിൽ കയറരുത്. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ സംവിധാനമുള്ളതിനാൽ, ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തുക പിഴയായി ഒടുക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.