വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ

വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ


ഫൂ ക്വോക്ക്: വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി തോമസ് ഭാര്യ ലൊവേനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികൾ. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എംപി സ്ഥിരീകരിച്ചിട്ടുണ്ട്. 

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 

മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നുട്ടോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു.