നൊയിഡയിലെ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; രണ്ട് മരണം, നൂറിലധികം പേരെ രക്ഷപ്പെടുത്തി

നൊയിഡയിലെ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; രണ്ട് മരണം, നൂറിലധികം പേരെ രക്ഷപ്പെടുത്തി


നൊയിഡ: ഉത്തർപ്രദേശിലെ നൊയിഡയിൽ നാലുനില താമസക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇലക്ട്രിക് വാഹനത്തിന്റെ (ഇവി) ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

നമൂറ ഗ്രാമത്തിലെ ജി+4 കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ബാറ്ററിയിൽ നിന്ന് തീപ്പൊരി ഉയർന്നതോടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പിന്നീട് കെട്ടിടമാകെ തീയും പുകയും വ്യാപിച്ചതോടെ മുകളിലെ നിലകളിൽ ഉണ്ടായിരുന്നവർ കുടുങ്ങി. പേയിങ് ഗസ്റ്റ് താമസസൗകര്യമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ 50 ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

വിവരം ലഭിച്ച ഉടൻ ഏഴ് അഗ്‌നിരക്ഷാ വാഹനങ്ങളും ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമും അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തേക്കെത്തിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കെട്ടിട ഉടമയ്ക്കും കെട്ടിടം നടത്തിപ്പുകാരനായ പാട്ടക്കാരനുമെതിരെ അശ്രദ്ധ ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.