ടി.വി.കെ സർക്കാർ ഏതു നിമിഷവും താഴെ വീഴും; ‍ഡി.എം.കെ പ്രവർത്തകർ തയ്യാറായിരിക്കണമെന്ന് എം.കെ.സ്റ്റാലിൻ

ടി.വി.കെ സർക്കാർ ഏതു നിമിഷവും താഴെ വീഴും; ‍ഡി.എം.കെ പ്രവർത്തകർ തയ്യാറായിരിക്കണമെന്ന് എം.കെ.സ്റ്റാലിൻ


ചെന്നൈ: സി.ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്നും അതിനാൽ ഡി.എം.കെ പ്രവർത്തകർ തയ്യാറായിരിക്കണമെന്നും തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാ​ഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട. ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2029ൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.