വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നിർദിഷ്ട കരാർ വൈകുന്നതിന് അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ അഭിപ്രായ ഭിന്നത കാരണമാകുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവരാണ് കരാർ നീട്ടിക്കൊണ്ടുപോകുന്നതെന്ന വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ ട്രംപിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ എതിർസ്വരങ്ങൾ ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്.
യുഎസ് സെനറ്റർ ടെഡ് ക്രൂസിന്റേതെന്നപേരിൽ പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ ഉദ്ധരിച്ച് ആക്‌സിയോസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ആരോപണങ്ങൾ. ഇന്ത്യയുമായുള്ള വ്യാപാര കരാർ സാധ്യമാക്കാൻ വൈറ്റ് ഹൗസുമായി 'പോരാടുകയാണ്' എന്നാണു ടെക്‌സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ സന്ദേശത്തിൽ പറയുന്നത്. ചർച്ചകൾ തീരുമാനമാകാതെ നീളുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ഭിന്നതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു. ട്രംപിന്റെ നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാക്കിയെന്നാണ് വിലയിരുത്തൽ.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നീക്കം തടയാൻ താൻ ഉൾപ്പെടെയുള്ള സെനറ്റർമാർ ശ്രമിച്ചിരുന്നുവെന്നും, ഉയർന്ന താരിഫുകൾ യുഎസിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ടെഡ് ക്രൂസ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് 2026 ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യ-യുഎസ് ബന്ധം സാധാരണ നിലയിൽ തുടരണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളനേതാവാണ് ടെഡ് ക്രൂസ്. 2019ലെ ഇന്ത്യാ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളെയും അദ്ദേഹം 'സ്വാഭാവിക സഖ്യകക്ഷികൾ' എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകുന്നതിന് ട്രംപും വാൻസും കാരണമെന്ന് ആരോപണം; സെനറ്ററുടെ ഓഡിയോ സന്ദേശം പുറത്ത്
