ഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള 54 രാജ്യങ്ങള്‍ക്ക് മേല്‍ 12.5% അധിക തീരുവ ചുമത്താന്‍ അമേരിക്ക. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഔദ്യോഗിക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. അമേരിക്കന്‍ ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആര്‍) ആണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അമേരിക്കയുടെ നിര്‍ബന്ധിത തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളുടെ പേരിലാണ് നടപടി.
പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കുറവ് തീരുവയാണ് അമേരിക്ക ചുമത്തുന്നത്. പാകിസ്ഥാന്‍, കാനഡ, ഇക്വഡോര്‍, യൂറോപ്യന്‍ യൂണിയന്‍, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് 10% തീരുവയാണ് യുഎസ്ടിആര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങള്‍ നിര്‍ബന്ധിത തൊഴിലിലൂടെയുള്ള ഇറക്കുമതി തടയുന്നതില്‍ പ്രതിബദ്ധത കാണിച്ചതായും ഇത്തരം ഇറക്കുമതികളുടെ നിരോധനം നടപ്പിലാക്കാന്‍ സമ്മതിച്ചതായും യുഎസ്ടിആര്‍ വ്യക്തമാക്കി.
നിര്‍ബന്ധിത തൊഴിലിലൂടെയുള്ള ഇറക്കുമതി നിരോധിക്കുന്നതിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടെന്നും ഇത് ന്യായീകരിക്കാനാകില്ലെന്നും യുഎസ്ടിആര്‍ പറഞ്ഞു. സെക്ഷന്‍ ഢ പ്രകാരം, ഇത്തരം ഇറക്കുമതി നിരോധനം നടപ്പാക്കുന്നത് പരാജയപ്പെട്ടാല്‍ അത് അമേരിക്കയുടെ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇക്കാരണങ്ങളാല്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ നയങ്ങളും നടപടികളും അമേരിക്കന്‍ വാണിജ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെന്നാണെന്നും യുഎസ്ടിആര്‍ കൂട്ടിച്ചേര്‍ത്തു.
1974ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരമാണ് അമേരിക്കയുടെ പുതിയ നടപടി. വ്യാപാര കരാറുകളിലെ കടുത്ത ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പങ്കാളി രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ചെലുത്താന്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) തീരുവകളേക്കാള്‍ കടുത്തതായിരിക്കാം ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഇന്ത്യ നിരസിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും അത് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടുന്നതിന് കാരണമാകുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക 50% നികുതി ചുമത്തുകയും ചെയ്തിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ജനിതകമാറ്റം വരുത്തിയ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കണമെന്നുമുള്ള അമേരിക്കയുടെ ആവശ്യങ്ങള്‍ കാരണം മാസങ്ങളോളം ഔദ്യോഗിക വ്യാപാര കരാര്‍ ഒപ്പിടാനാകാതെ നീണ്ടുപോകുകയായിരുന്നു.
പുതിയ തീരുവകള്‍ 2026 ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. നിലവില്‍ ഈ നടപടികളില്‍ യുഎസ്ടിആര്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണ്. അഭിപ്രായങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 6 ആണ്. ഇതിന്മേലുള്ള പൊതു ഹിയറിങ് ജൂലൈ 7ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യയ്ക്ക് മേല്‍ 12.5% അധിക തീരുവ ചുമത്താന്‍ ട്രംപിന്റെ നീക്കം
