മോദി കർക്കശക്കാരനായ നേതാവെന്ന് ഡൊണാൾഡ് ട്രംപ്; ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് നരേന്ദ്ര മോദി

മോദി കർക്കശക്കാരനായ നേതാവെന്ന് ഡൊണാൾഡ് ട്രംപ്; ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് നരേന്ദ്ര മോദി


ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശേഷിപ്പിച്ചു. മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന. നേരത്തേ ആസിയാൻ നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തിരുന്നു.

രണ്ട് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യ നേതാക്കളുടെ കൂട്ടായ്മയായ ക്വാഡ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകരെ കാണുന്നതിനിടെയാണ് മോദിയെ കർക്കശക്കാരനായ നേതാവെന്ന് ട്രംപ് വിശേഷിപ്പിച്ചത്. പല മേഖലകളിലെയും വിശ്വാസ്ത പങ്കാളികളെന്നും മോദി ക്വാഡ് കൂട്ടായ്മയെ വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി മോദിയെ 'വളരെ കർക്കശക്കാരനായ വ്യക്തി' എന്ന് വിശേഷിപ്പിച്ച ട്രംപ്, ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചി ഇതിലും കടുപ്പമേറിയ ആളായിരിക്കാമെന്നും പറഞ്ഞു. ക്വാഡിനെ ഇന്ത്യയുടെ ക്രിയാത്മക പങ്കാളിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ നേതാക്കളുമായും അവരുടെ രാജ്യങ്ങളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് എടുത്തുപറഞ്ഞു.

നയതന്ത്ര നിലപാടുകളിലും രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലും മോദി പുലർത്തുന്ന ദൃഢതയെയും കാർക്കശ്യത്തെയും സൂചിപ്പിച്ച് 'ടഫ് മാൻ' എന്നാണ്  ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. മുൻപും വിവിധ ആഗോള വേദികളിലും ഉഭയകക്ഷി ചർച്ചകളിലും പ്രധാനമന്ത്രി മോദിയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും മോദിയുടെ നേതൃപാടവത്തെക്കുറിച്ചും ട്രംപ് പരസ്യമായി സംസാരിച്ചിട്ടുണ്ട്. 

"ഈ നേതാക്കളുമായും അവരുടെ രാജ്യങ്ങളുമായും ഞങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളത്. തുടക്കം മുതൽക്കേ അങ്ങനെയായിരുന്നു. ഇവരു മൂന്നുപേരുമായും എനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്, അവർ അസാധാരണരായ വ്യക്തികളാണ്. അവർ എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകുന്നു," ട്രംപ് പറഞ്ഞു.

സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയിൽ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് സംയുക്ത പ്രസ്താവനയിലൂടെ നേതാക്കൾ ആഹ്വാനം ചെയ്തു. മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിക, വ്യോമഗതാഗതം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവന. പൊതുവെല്ലുവിളികൾ നേരിടാൻ പ്രാദേശിക രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ക്വാഡ് യോഗം തീരുമാനിച്ചു. രാവിലെ ആസിയാൻ രാജ്യത്തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. സിംഗപ്പൂർ, തായ്‍ലാൻഡ്, ഫിലിപ്പെൻസ് രാജ്യത്തലവന്മാരുമായും പ്രധാനമന്ത്രി മനിലയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി.