ന്യൂഡല്‍ഹി: ഡിസംബര്‍ 26 മുതല്‍ ട്രെയിന്‍ യാത്ര കൂടുതല്‍ ചെലവേറിയതാകും. റെയില്‍വേ നിരക്കുയര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് ദൂരയാത്രക്കാരുടെ ചെലവ് വര്‍ധിക്കുന്നത്. സബര്‍ബന്‍ ട്രെയിനുകളുടെ നിരക്കില്‍ മാറ്റമില്ലെങ്കിലും 215 കിലോമീറ്ററിലധികം ദൂരമുള്ള യാത്രകള്‍ക്ക് അധിക തുക നല്‍കേണ്ടിവരും. ജനറല്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് 215 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ മാറ്റമില്ലെങ്കിലും അതിന് മുകളിലുള്ള ദൂരത്തിന് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധനയുണ്ടാകും. മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എസി കോച്ചുകളിലും അത്ര തന്നെ വര്‍ധിപ്പിച്ചു. ഇതോടെ 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍ എസി യാത്രയ്ക്ക് 10 രൂപ അധികം ചെലവാകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റെയില്‍വേ ശൃംഖലയും പ്രവര്‍ത്തനങ്ങളും ഗണ്യമായി വിപുലീകരിച്ചതിനൊപ്പം മനുഷ്യവിഭവശേഷിയും വര്‍ധിപ്പിച്ചതാണ് നിരക്കുയര്‍ത്തലിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു. ജീവനക്കാരുടെ ചെലവ് 1.15 ലക്ഷം കോടി രൂപയിലേക്കും പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയിലേക്കും ഉയര്‍ന്നതായും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പ്രവര്‍ത്തനച്ചെലവ് 2.63 ലക്ഷം കോടി രൂപയായതായും റെയില്‍വേ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ചരക്കുഗതാഗതം വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്ക് ഉയര്‍ത്തിയും വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. പുതിയ നിരക്കിലൂടെ പ്രതിവര്‍ഷം 600 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി റെയില്‍വേ അറിയിച്ചു. നേരത്തെ ജൂലൈയിലും 2020 ജനുവരി ഒന്നിനും റെയില്‍വേ യാത്രാനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.
ഡിസംബര്‍ 26 മുതല്‍ ട്രെയിന്‍ യാത്ര ചെലവേറും; നിരക്ക് വര്‍ധനവ് ബാധിക്കുന്നത് ദൂരയാത്രക്കാരെ
