കശ്മീരില്‍ വെടിവയ്പ്; മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു; വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

കശ്മീരില്‍ വെടിവയ്പ്; മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു; വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്


അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ വിനോദസഞ്ചാര ക്യാമ്പിന് നേരെ ശനിയാഴ്ച ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ജയ്പൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഫര്‍ഹയെയും ഭര്‍ത്താവ് തബ്രേസിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു ആക്രമണത്തില്‍, ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദികള്‍ ഒരു മുന്‍ ഗ്രാമത്തലവനെ വെടിവച്ച് പരിക്കേല്‍പ്പിച്ചു. ഐജാസ് അഹമ്മദ് എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

'അനന്ത്‌നാഗിലെ യന്നാറില്‍ വെച്ച് ജയ്പൂര്‍ നിവാസികളായ ഫര്‍ഹ, തബ്രേസ് ദമ്പതികള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം സേന വളഞ്ഞിരിക്കുകയാണ് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി പ്രദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു.

ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസങ്ങളില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ഏപ്രിലില്‍ ഷോപ്പിയാന്‍ ജില്ലയില്‍ ഒരു പ്രാദേശിക ഗൈഡിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഇരയായ രഞ്ജിത് സിംഗ് വിദേശ വിനോദസഞ്ചാരികളോടൊപ്പം ഒരു റസ്റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടയിലാണ് മുഖം മറച്ചിരുന്ന ഭീകരര്‍ അയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഫെബ്രുവരിയില്‍ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.