ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുള്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പുകളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഇതോടെ പ്രദേശത്ത് സംഘര്‍ഷം വര്‍ധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുള്ളം ഗ്രാമത്തിനടുത്താണ് ആദ്യ സംഭവം നടന്നത്. സംഘര്‍ഷഭരിതമായ പ്രദേശത്തു നിന്നും സുരക്ഷാ സേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. എല്‍ സിറ്റ്‌ലൗ, പി ഹവോലൈ എന്നിവരെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റുമുട്ടലിനിടെ, ഗ്രാമത്തിലെ ചില വീടുകള്‍ക്ക് തീവ്രവാദികള്‍ തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അക്രമത്തിന് മറുപടിയായി കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റ് 'രണ്ട് ഗ്രാമ വളണ്ടിയര്‍മാരെ' കൊലപ്പെടുത്തിയതിനെയും മുള്ളം, സോങ്ഫാല്‍ ഗ്രാമങ്ങളിലെ വീടുകള്‍ കത്തിച്ചതിനെയും അപലപിച്ചു.
ഇതേ ജില്ലയിലെ മറ്റൊരു സംഭവത്തില്‍ കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളനില്‍ നിന്നുള്ള എച്ച് ജമാങ് എന്ന 29 വയസ്സുകാരന്‍ സിനകൈതൈ ഗ്രാമത്തിന് സമീപം സായുധ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തങ്ഖുല്‍ നാഗ സമൂഹത്തിന്റെ പരമോന്നത സംഘടനയായ തങ്ഖുല്‍ നാഗ ലോങ്, ജമാങ്ങിന്റെ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.
ഏപ്രില്‍ 18ന് ഉഖ്രുള്‍ ജില്ലയിലെ ടിഎം കാസോമില്‍ ഒരു സിവിലിയന്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് തങ്ഖുല്‍ നാഗ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉഖ്രുളിലും കാംജോങ് ജില്ലയിലും സംഘര്‍ഷം രൂക്ഷമാണ്. ആക്രമണത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് തങ്ഖുല്‍ നാഗ സംഘടനകള്‍ ആരോപിക്കുന്നു. അതേസമയം തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കുക്കി സംഘടനകള്‍ പറയുന്നത്.
