ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു, പത്തോളം പേർക്ക് പരിക്ക്

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു, പത്തോളം പേർക്ക് പരിക്ക്


വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ഷിരിവെല്ലമെട്ട ഗ്രാമത്തിന് സമീപമാണ് അപകടം

നന്ദ്യാൽ:  ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ സ്വകാര്യ ബസും കണ്ടെയ്‌നർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ഷിരിവെല്ലമെട്ട ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്.

നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് 36 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ് റോഡിലെ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു.

ശക്തമായ ഇടിയുടെ പിന്നാലെ ബസിനും ലോറിക്കും തീപിടിച്ച് നിമിഷങ്ങൾക്കകം പൂർണമായും അഗ്‌നിക്കിരയായി. തീ ആളിപ്പടരുന്നതിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭീതി പടർന്നു. പ്രധാന വാതിലും എമർജൻസി  വാതിലും തുറക്കാൻ സാധിക്കാതിരുന്നതിനാൽ പലർക്കും പുറത്തേക്ക് കടക്കാൻ സാധിച്ചില്ല.

ഈ സമയത്ത് വഴിയേ കടന്നുപോയ ഡി.സി.എം. വാഹനത്തിന്റെ ഡ്രൈവർ തീപിടിത്തം കണ്ട് വാഹനം നിർത്തി ബസിന്റെ ചില്ലുകൾ തകർത്തു. ഇതോടെ നിരവധി യാത്രക്കാർ ചില്ലുകളിലൂടെ പുറത്തേക്ക് ചാടി രക്ഷിപ്പെടുകയായിരുന്നു.

എന്നാൽ ബസ് ഡ്രൈവർ, ലോറി ഡ്രൈവർ, ലോറി ക്ലീനർ എന്നിവർ ബസിലും ലോറിയിലും കുടുങ്ങി പുറത്തുവരാൻ കഴിയാതെ കത്തി മരിക്കുകയായിരുന്നു.

പത്തോളം യാത്രക്കാർക്ക് പൊള്ളലേറ്റതായും, ചിലർ ചാടി രക്ഷപ്പെടുന്നതിനിടെയുണ്ടായ പരിക്കുകളാൽ ചികിത്സ തേടുന്നതായും പോലീസ് അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും നന്ദ്യാൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

തീപിടിത്തത്തിൽ ബസും ലോറിയും പൂർണമായും കത്തിനശിച്ചു. യാത്രക്കാരുടെ ലഗേജും സ്വകാര്യ വസ്തുക്കളും തീയിൽ പെട്ട് നശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

വിവരം ലഭിച്ചതിന് പിന്നാലെ പോലീസ്, ട്രാഫിക് വിഭാഗം, രക്ഷാപ്രവർത്തക സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സമയോചിതമായ ഇടപെടലാണ് കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടഞ്ഞതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.