'ആ ഫോം ഞങ്ങളറിഞ്ഞ് മാറ്റിയതല്ല', ഗ്യാനേഷ്‌ കുമാറിനെതിരെ ഇലക്ഷൻ കമ്മീഷണർമാരുടെ വൻ വെളിപ്പെടുത്തൽ, കേന്ദ്രത്തിനും കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

'ആ ഫോം ഞങ്ങളറിഞ്ഞ് മാറ്റിയതല്ല', ഗ്യാനേഷ്‌ കുമാറിനെതിരെ ഇലക്ഷൻ കമ്മീഷണർമാരുടെ വൻ വെളിപ്പെടുത്തൽ, കേന്ദ്രത്തിനും കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്


ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ (ഫോം 6) വരുത്തിയ വിവാദ ഭേദഗതികൾ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉന്നയിച്ച് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ. സുപ്രീം കോടതിയിലെ വാദത്തിനിടെയാണ് ഹർജിക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ്, കമ്മീഷനുള്ളിലെ വൻ ഭിന്നത പുറത്തുവന്നത്. സംഭവത്തിൽ അതീവ ഗൗരവത്തോടെ ഇടപെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തര നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം കൃത്യവും സുതാര്യവുമായ മറുപടി നൽകാനാണ് കോടതിയുടെ അന്ത്യശാസനം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ വാദം കേള്‍ക്കവെയാണ് നിര്‍ണായക സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.  വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളിൽ, ചീഫ് ഇലക്ഷൻ കമ്മീഷണർ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന് മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയാണ് ഇരുവരും തങ്ങളുടെ എതിർപ്പ് അറിയിച്ചത്.

വോട്ടർ സോഫ്റ്റ്‌വെയറിന്റെ വിശ്വാസ്യതയെക്കുറിച്ചും ഡാറ്റാബേസ് നിയന്ത്രണം ഏകകേന്ദ്രീകൃതമാക്കുന്നതിനെക്കുറിച്ചും ആശങ്ക ഉന്നയിച്ച് ഇരുവരും കാബിനറ്റ് സെക്രട്ടറി ടി. വി. സോമനാഥന് കത്തുകൾ അയച്ചിരുന്നു. എന്നാൽ ഈ കത്തുകൾ ഒരു ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ടതാണെന്നും നയപരമായ പ്രശ്നങ്ങളല്ലെന്നുമാണ് ഇലക്ഷൻ കമ്മീഷൻ വിശദീകരിച്ചത്.

അതേസമയം, ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തില്‍ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, സിഇസി ഗ്യാനേഷ് കുമാർ, മറ്റ് രണ്ട് കമ്മീഷണർമാർ, ഇലക്ഷൻ കമ്മീഷൻ എന്നിവർക്ക് അടിയന്തര നോട്ടീസ് അയച്ചു. ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾ ഒന്നുകിൽ ഏകകണ്ഠമായിരിക്കണം അല്ലെങ്കിൽ ഭൂരിപക്ഷാടിസ്ഥാനത്തിലായിരിക്കണം എന്ന് കോടതി വ്യക്തമാക്കി. രേഖകൾ പരിശോധിക്കുമ്പോൾ തീരുമാനങ്ങൾ നിയമവിരുദ്ധമായാണ് എടുത്തതെന്ന് കണ്ടെത്തിയാൽ അവ റദ്ദാക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി മുന്നറിയിപ്പ് നൽകി.

ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളെയും മാർഗനിർദ്ദേശങ്ങളെയും സോഫ്റ്റ്‌വെയർ മാറ്റങ്ങളെയും ചോദ്യം ചെയ്ത് രാകേഷ് കുമാർ സിംഗും അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയും സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി ബെഞ്ച് വാദം കേട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനങ്ങൾ നിയമപ്രകാരമല്ല എടുത്തതെന്ന് രേഖകളിൽ തെളിഞ്ഞാൽ, ആ തീരുമാനങ്ങൾ റദ്ദാക്കാനും അവ അസാധുവാക്കാനും മടിക്കില്ലെന്ന് സുപ്രീം കോടതി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം തികച്ചും സുതാര്യമായ മറുപടി നൽകാനാണ് കോടതിയുടെ നിർദേശം.

പുതിയ വോട്ടർമാർ രജിസ്റ്റർ ചെയ്യാനുപയോഗിക്കുന്ന 'ഫോം 6'-ൽ വോട്ടർമാരുടെ പൂർവ്വികരുടെ വിവരങ്ങളും , മുൻപത്തെ വോട്ടർപട്ടികാ വിവരങ്ങളും നിർബന്ധമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിരുന്നു. നിയമപരമായ ചട്ട ഭേദഗതികൾ വരുത്താതെയാണ് ഈ മാറ്റം വരുത്തിയത്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ ഇതിനെ ശക്തമായി എതിർത്തിരുന്നു എന്നും, തങ്ങളുടെ അനുമതിയില്ലാതെയാണ് ​ഗ്യാനേഷ് കുമാർ ഇത് നടപ്പിലാക്കിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

 കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നും, കമ്മീഷൻ്റെ പ്രവർത്തനങ്ങൾ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചേർന്ന് സംയുക്തമായി നടത്തണമെന്നും സിംഗ് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതിന് സി.ഇ.സിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു. കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം തേടാതെ സി.ഇ.സി ഏകപക്ഷീയമായി നടപ്പിലാക്കിയ എല്ലാ മാർഗനിർദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കമ്മീഷനെതിരേള്ള ഗുരുതര ആരോപണം

വോട്ടർ രജിസ്ട്രേഷൻ ഫോമായ 'ഫോം 6'-ൽ (Form 6) വോട്ടർമാരുടെ പൂർവ്വികരുടെ വിവരങ്ങളും മുൻപത്തെ വോട്ടർപട്ടികാ വിവരങ്ങളും ലിങ്ക് ചെയ്യാനുള്ള നിബന്ധന ഉൾപ്പെടുത്തിയതാണ് പ്രധാന വിവാദം. തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താതെ, മറ്റ് രണ്ട് കമ്മീഷണർമാരുടെ ശക്തമായ വിയോജിപ്പ് മറികടന്ന്, സി.ഇ.സി സ്വന്തം നിലയ്ക്ക് കമ്മീഷൻ്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ആക്ട് (2023)-ലെ സെക്ഷൻ 18 പ്രകാരം ഭൂരിപക്ഷാടിസ്ഥാനത്തിൽ മാത്രമേ കമ്മീഷനിൽ തീരുമാനങ്ങൾ എടുക്കാവൂ എന്ന നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഹർജിക്കാർ വാദിക്കുന്നു.

മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുടെ അനുമതിയോ ശുപാർശയോ ഇല്ലാതെ സിഇസി ​ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്നാണ് പ്രധാന ആക്ഷേപം. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മറ്റ് കമ്മീഷണർമാരുടെ വിയോജിപ്പുകൾ മറികടന്ന് 14-ഓളം സുപ്രധാന തീരുമാനങ്ങൾ സി.ഇ.സി തനിയെ കൈക്കൊണ്ടതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.