ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സത്യസന്ധനും രാജ്യത്തെ സാമുദായികതയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തുന്ന നേതാവാണെന്നും കോൺഗ്രസ് എം പി ശശി തരൂരിൻ്റെ പ്രശംസ. മാധ്യമങ്ങളോടു സംസാരിക്കവെയാണ് തരൂർ ഈ അഭിപ്രായങ്ങൾ പങ്കുവച്ചത്.
രാജ്യത്ത് സാമുദായികത, വിദ്വേഷം, വിഭജന രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ നിരന്തരം സംസാരിക്കുന്നതിനാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയെ ഇഷ്ടമാണ് എന്ന് തരൂർ പറഞ്ഞു. ഇതിൽ എനിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്നും തരൂർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ തെറ്റായ പരാമർശങ്ങളോട് താൻ ഒരിക്കലും യോജിച്ചിട്ടില്ലെന്നും അദ്ദേഹം സത്യസന്ധനായ നേതാവാണ്” എന്നും തരൂർ കൂട്ടിച്ചേർത്തു.
ചില വിഷയങ്ങളിൽ തന്റെ നിലപാട് മാധ്യമങ്ങൾ ബി ജെ പിക്ക് അനുകൂലമായി ചിത്രീകരിച്ചതാണെന്നും എന്നാൽ താൻ അതിനെ സർക്കാർ അനുകൂലമോ ഇന്ത്യ അനുകൂലമോ ആയ നിലപാടായി മാത്രമാണ് കണ്ടതെന്നും പറഞ്ഞു. ചില അന്തർദേശീയ വിഷയങ്ങളിൽ രാഷ്ട്രീയപരമായ സമീപനം ഒഴിവാക്കി രാജ്യത്തെക്കുറിച്ച് സംസാരിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്നും ഇത് പുതിയ കാര്യമല്ലെന്നും മുമ്പും ഇതുതന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യ– പാകിസ്ഥാൻ സംഘർഷത്തെയും പഹൽഗാം ആക്രമണത്തിന് ശേഷമുള്ള നയതന്ത്ര ഇടപെടലുകളെയും കുറിച്ചുള്ള തരൂരിന്റെ പരാമർശങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനോട് വ്യത്യസ്തമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
മാധ്യമങ്ങളോടു സംസാരിക്കവെ, പാർട്ടി അംഗം പാർട്ടി നിലപാടിന് വിരുദ്ധമായി പോകാൻ പാടില്ലെന്ന കാര്യം താൻ അംഗീകരിക്കുന്നുവെന്നും, പാർലമെന്റിൽ താൻ എപ്പോഴും പാർട്ടിയോടൊപ്പം തന്നെയാണ് നിന്നതെന്നും അതിനാൽ ആശങ്ക വേണ്ടെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടുപോകില്ലെന്ന് വ്യക്തമായി പറയാമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ കോൺഗ്രസിൽ തന്നെയായിരിക്കുമെന്നും എവിടെയും
പോകുന്നില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാകുമെന്നും, യു ഡി എഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തരൂർ മറുപടി നൽകി.
തന്റെ പരാതികൾ പരിഹരിക്കുന്നതിനായി തരൂർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു.
