ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി

ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ശശി തരൂര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കണ്ടു. നിര്‍ണായകമായ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം എല്ലാം നല്ലതിനെന്നും കോണ്‍ഗ്രസ് നേതൃത്വത്തോടൊപ്പം ഒരേ നിലപാടിലെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ ഖര്‍ഗെയുടെ ചേംബറിലായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട യോഗം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ തരൂര്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.

പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തരൂര്‍ നേരത്തെ സമ്മതിച്ചതിന് ശേഷമാണ് യോഗം നടന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാതെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും അതിനുള്ള അവസരം കാത്തിരിക്കുകയാണെന്നും  പൊതുവേദിയില്‍ അക്കാര്യം ചര്‍ച്ച ചെയ്യില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ നിലപാട് താന്‍ ലംഘിച്ചിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ തന്റെ പ്രസ്താവനയില്‍ ഖേദമില്ലെന്നും തരൂര്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ഒരു നിലപാടും ഒരിടത്തും ലംഘിച്ചിട്ടില്ലെ്‌നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിസന്ധി കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ രീതിയെ തരൂര്‍ പ്രശംസിച്ചതോടെയാണ് കോണ്‍ഗ്രസുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളുണ്ടായി.

പഹല്‍ഗാം ആക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും സൗഹൃദരാജ്യങ്ങളെ അറിയിക്കുന്നതിന് സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാന്‍ ബി ജെ പി തരൂരിനോട് ആവശ്യപ്പെട്ടതോടെ സാഹചര്യം കൂടുതല്‍ വഷളായി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേരാനുള്ള സൂചനയല്ലെന്നും ചിലര്‍ അങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അത് ദേശീയ ഐക്യത്തിന്റെ പ്രസ്താവന മാത്രമാണെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഉള്‍പ്പെടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം നേതൃത്വമാറ്റം ആവശ്യപ്പെട്ട് അന്നത്തെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തില്‍ തരൂര്‍ ഉള്‍പ്പെട്ട 2022 മധ്യത്തോടെ തന്നെ ഭിന്നത ശക്തമാകുകയായിരുന്നു.

തുടര്‍ന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിച്ചെങ്കിലും ഗാന്ധി കുടുംബത്തോട് അടുത്തുനില്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് പരാജയപ്പെടുകയായിരുന്നു.