ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്- യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ടെലഗ്രാം നിരോധനം അവസാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സന്ദേശ സേവനം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും വെബ്‌സൈറ്റ് തുറക്കാനാകുന്നില്ലെന്നും നിരവധി പേര്‍ അറിയിച്ചു.
നിലവിലെ ചില ഉപയോക്താക്കള്‍ക്ക് ടെലഗ്രാം വീണ്ടും പ്രവര്‍ത്തനക്ഷമമായതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടെലഗ്രാം ഇപ്പോഴും നീക്കം ചെയ്ത നിലയിലാണ്. ജൂണ്‍ 23 രാവിലെ നടത്തിയ പരിശോധനയില്‍ ടെലഗ്രാമിന്റെ വെബ് പതിപ്പും ലഭ്യമല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ടെലഗ്രാം ഉപയോഗിച്ചാണ് ചോദ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ദേശീയ പരീക്ഷാ ഏജന്‍സിയുടെയും (എന്‍ ടി എ) സുരക്ഷാ ഏജന്‍സികളുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഐടി നിയമം 2000-ലെ സെക്ഷന്‍ 69എ പ്രകാരം ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം ജൂണ്‍ 16 മുതല്‍ 22 വരെ ടെലഗ്രാമിന് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ടെലഗ്രാമിലെ സന്ദേശങ്ങള്‍ തിരുത്താനുള്ള സൗകര്യത്തിന് ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
15 കോടിയിലധികം സാധാരണ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് നിരോധനം ബാധിച്ചതെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അല്ലെന്നും ടെലഗ്രാം സ്ഥാപകനും സി ഇ ഒയുമായ പവല്‍ ഡുറോവ് വിമര്‍ശിച്ചു. കുറ്റക്കാര്‍ മറ്റ് ആപ്പുകളിലേക്ക് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല വിദ്യാര്‍ഥികളും ഈ അഭിപ്രായത്തെ പിന്തുണച്ചു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നുള്ള ഒരു നീറ്റ് വിദ്യാര്‍ഥി, സൗജന്യ പഠനസാമഗ്രികളും പരീക്ഷാ തയ്യാറെടുപ്പിനുള്ള ഉള്ളടക്കങ്ങളും പങ്കിടാന്‍ ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇത് ശിക്ഷയായി മാറിയെന്ന് പറഞ്ഞു. ബിഹാറിലെ ഒരു പരിശീലന കേന്ദ്രത്തിലെ ഫിസിക്‌സ് അധ്യാപകനായ ശിവം ഝായും സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ടെലഗ്രാം നിരോധനം മാത്രം മതിയായ പരിഹാരമല്ലെന്നും അഭിപ്രായപ്പെട്ടു.
ടെലഗ്രാം നിരോധനം ഔദ്യോഗികമായി പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ 22 വരെ മാത്രമായിരുന്നു വിലക്കെന്നും അതിനാല്‍ സേവനം പുനഃസ്ഥാപിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ആപ്പ് സ്റ്റോറുകളിലെ ലഭ്യത സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
ജൂണ്‍ 23 ഉച്ചയോടെ നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ടെലഗ്രാം ലഭ്യമല്ലായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലായിരുന്നു. നിരോധനം എപ്പോള്‍ പൂര്‍ണമായി പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനാണ് അറിയാവുന്നതെന്ന് ടെലഗ്രാം അധികൃതര്‍ എക്സില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ബിഹാറിലെ മധേപുര സ്വദേശിനിയും മത്സര പരീക്ഷാ ഉദ്യോഗാര്‍ഥിയുമായ മേഘ്‌ന മിശ്ര, സൗജന്യ പഠനസാമഗ്രികള്‍ക്കും മോക്ക് ടെസ്റ്റുകള്‍ക്കുമായി ടെലഗ്രാം ചാനലുകളെ ആശ്രയിക്കുന്നവരാണ് നിരവധി വിദ്യാര്‍ഥികളെന്നും ഒരാഴ്ചത്തെ തടസ്സം പോലും പരീക്ഷാ തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു.
ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ നിന്നുള്ള യു പി എസ് സി ഉദ്യോഗാര്‍ഥി അങ്കിത് സര്‍ക്കാര്‍, വി എ പി എന്‍ ആപ്പുകള്‍ വഴി ടെലഗ്രാമിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ നിരോധനം വലിയ പ്രയോജനം ചെയ്യില്ലെന്നും അഭിപ്രായപ്പെട്ടു.
