ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ)ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റം നടത്തിയെങ്കിലും, സർക്കാർ രൂപീകരണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന സംഖ്യയിൽ നിന്ന് പാർട്ടി ഇപ്പോഴും അകലെയാണ്.
അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യത്തിന്റെ ശക്തി 113 ആയി. എന്നാൽ സർക്കാർ രൂപീകരിക്കാൻ ഇനിയും അഞ്ച് അംഗങ്ങളുടെ പിന്തുണ വേണം. ഈ സാഹചര്യത്തിലാണ് വിജയ് വീണ്ടും ഗവർണർ രാജേന്ദ്ര ആർക്കറെ കണ്ടത്. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം.
സത്യപ്രതിജ്ഞ മാറ്റിവെച്ചു
വിജയ് മുഖ്യമന്ത്രിയായി ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യ സൂചനകൾ. നാല് മുതിർന്ന നേതാക്കളെയും മന്ത്രിമാരാക്കി സത്യപ്രതിജ്ഞ നടത്താനായിരുന്നു നീക്കം. പിന്നീട് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. അധികാരം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന നിലപാടിലാണ് ടിവികെ.
ചെറിയ പാർട്ടികളുടെ പിന്തുണ നിർണായകം
ഭൂരിപക്ഷം ഉറപ്പാക്കാൻ ടിവികെ ഇപ്പോൾ ചെറിയ പാർട്ടികളുടെ പിന്തുണയാണ് ലക്ഷ്യമിടുന്നത്. പട്ടാളി മക്കൾ കച്ചി, ഡിഎഡികെ, സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിക്കുമോ എന്നതാണ് നിർണായകം.
എന്നാൽ സിപിഎം, സിപിഐ, ഐയുഎംഎൽ എന്നിവർ ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഡിഎംകെയുടെ സഖ്യകക്ഷിയായ വിസികെ ഇനിയും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
എഐഎഡിഎംകെ പുറത്തുനിന്നു പിന്തുണക്കുമോ?
മറ്റൊരു സാധ്യത എഐഎഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയാണ്. 47 എംഎൽഎമാരുള്ള എഐഎഡിഎംകെ, ടിവികെയെ പിന്തുണച്ചാൽ വിജയ് സർക്കാരിന് ഭൂരിപക്ഷം എളുപ്പത്തിൽ ഉറപ്പിക്കാം. എന്നാൽ എഐഎഡിഎംകെ ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാണ്. ബിജെപിയുമായി സഖ്യമില്ലെന്ന നിലപാടിലാണ് ടിവികെ. അതിനാൽ രാഷ്ട്രീയപരമായി ഇത് സങ്കീർണമായ നീക്കമാകും.
ഡിഎംകെയുടെ നിലപാട്
59 സീറ്റുകളുള്ള ഡിഎംകെ ഉടൻ സർക്കാർ രൂപീകരണ ശ്രമം നടത്തില്ലെന്ന സൂചനയാണ് പുറത്തുവന്നത്. പുറത്തുപോകുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും ആറുമാസം നിരീക്ഷിക്കാമെന്നുമാണ് പ്രതികരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗവർണർക്ക് എന്തെല്ലാം അധികാരമുണ്ട്?
തെളിവായ ഭൂരിപക്ഷമില്ലെങ്കിലും ഒരു നേതാവിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാമെന്നാണ് ഭരണഘടനാപരമായ നിലപാട്. പിന്നീട് നിയമസഭയിൽ വിശ്വാസവോട്ട് നേടണം. 2018 കർണാടകയിലും 2019 മഹാരാഷ്ട്രയിലും സർക്കാരുകൾ രൂപീകരിച്ചത് ഉദാഹരണങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു
എസ് ആർ ബൊമ്മൈ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലും സുപ്രീംകോടതി വ്യക്തമാക്കിയതുപോലെ, ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഗവർണർ വിശ്വസിക്കുന്ന നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം. പിന്നീട് സഭയിലാണ് യഥാർത്ഥ പരീക്ഷണം.
ഒടുവിൽ എന്ത് സംഭവിക്കും?
ടിവികെ ആവശ്യമായ പിന്തുണ സമാഹരിച്ചാൽ വിജയ് -നു തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാം. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനാകാത്ത പക്ഷം ഗവർണർ മറ്റ് സഖ്യങ്ങൾക്ക് അവസരം നൽകാനും സാധ്യതയുണ്ട്. ഒരു കൂട്ടുകെട്ടിനും ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഒടുവിൽ രാഷ്ട്രപതി ഭരണമോ പുതിയ തെരഞ്ഞെടുപ്പോ വരാനും സാധ്യതയുണ്ട്.
ഭൂരിപക്ഷമില്ലാതെ വിജയ് മുഖ്യമന്ത്രിയാകുമോ? ഗവർണറുടെ നീക്കവും ടിവികെയുടെ സാധ്യതകളും
