അണ്ണാമലൈയ്ക്ക് പിന്തുണയേറുന്നു; ബി.ജെ.പിയിൽ കൂടുതൽ പേർ രാജിവയ്ക്കുന്നു; വെബ്സൈറ്റിലും തരം​ഗം

അണ്ണാമലൈയ്ക്ക് പിന്തുണയേറുന്നു; ബി.ജെ.പിയിൽ കൂടുതൽ പേർ രാജിവയ്ക്കുന്നു; വെബ്സൈറ്റിലും തരം​ഗം


ചെന്നൈ: പാർട്ടിയിൽ നിന്നും രാജിവെച്ച് തമിഴ്‌നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കത്തിന് വൻ പിന്തുണയെന്ന് റിപ്പോർട്ടുകൾ. അണ്ണാമലൈ പുതുതായി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ് ലീഡേഴ്സ്’ തുടക്കത്തിൽ ലക്ഷക്കണക്കിന് അനുയായികളെ നേടിയെന്നാണ് കണക്കുകൾ. വെള്ളിയാഴ്ച ബി.ജെ.പിയിൽനിന്ന് രാജിവച്ച് പുതിയ പ്രസ്ഥാനം ആരംഭിച്ച് മണിക്കൂറുകൾക്കകം 11 ലക്ഷത്തിലധികം പ്രവർത്തകർ സംഘടനയിൽ അംഗങ്ങളായെന്നാണ് വിവരം. 

അണ്ണാമലൈയ്ക്ക് പിന്തുണയുമായി രണ്ട് നേതാക്കൾ കൂടി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. പാർട്ടി വൈസ് പ്രസിഡന്റ് കരു നാ​ഗരാജൻ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരാണ് രാജിവെച്ചത്. 

11,33,455 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിരവധി ബി.ജെ.പി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്' ഈ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി ‘വി ദ് ലീഡേഴ്സ്’ പ്രവർത്തിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.

ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ ജോലി രാജിവച്ച് ബിജെപിയിൽ ചേർന്നത് 2020ലാണ്. കഴിഞ്ഞ 18 മാസമായി അണ്ണാമലൈ ബിജെപിയുമായി അഭിപ്രായഭിന്നതകൾ തുടരുകയായിരുന്നു. ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും അണ്ണാമലൈ രാജിക്ക് ശേഷം വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും പാർട്ടി വളർത്താൻ സമയം വേണമെന്നും അദ്ദേഹം പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അണ്ണാമലൈയുടെ നീക്കം.