ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ജൂൺ 3ന് ലോക്ഭവനിൽ; ആർഭാടം കുറയ്ക്കും

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ജൂൺ 3ന് ലോക്ഭവനിൽ; ആർഭാടം കുറയ്ക്കും


ബം​ഗളൂരു: കർണാടക മുഖ്യമന്ത്രിയായി ‍ഡി.കെ.ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4.10നാണ് ചടങ്ങുകൾ നടക്കുക. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15ന് ആണ് സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി ഡി.കെ.ശിവകുമാറിനെ കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഇന്ന് ചേർന്ന നിയമസഭാം​ഗങ്ങളുടെ യോ​ഗം തിരഞ്ഞെടുത്തു. 

ഡി.കെ.ശിവകുമാറിന് ഒപ്പം ജി.പരമേശ്വരയും കെ.ജെ.ജോർജും അടക്കം ഒൻപത് പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആർഭാടവും ചെലവും ചുരുക്കുന്നതിന്റെ ഭാ​ഗമായി നാമമാത്രമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളെന്ന് കോൺ​ഗ്രസ് സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് ജി.സി.ചന്ദ്രശേഖരൻ പറഞ്ഞു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ബംഗളൂരുവില്‍ എത്തിച്ച് സത്യപ്രതിജ്ഞ വലിയൊരു ചടങ്ങായി നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ധാരണയായി. കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്രധാന തീരുമാനങ്ങൾ എടുക്കുക. സിദ്ധരാമയ്യ ഉൾപ്പെടെ 10 പേരാകും കോർ കമ്മിറ്റിയിലെ അംഗങ്ങൾ.